കാനനപാതയിൽ ടാക്സി സർവീസ് തുടങ്ങി
1492241
Friday, January 3, 2025 10:25 PM IST
കണമല: വനം വകുപ്പിന്റെ മേൽനോട്ടത്തിൽ അയ്യപ്പ ഭക്തർക്ക് കുറഞ്ഞ നിരക്കിൽ ടാക്സി സേവനം കാളകെട്ടിയിൽ ആരംഭിച്ചു. എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ ഉദ്ഘാടനം നിർവഹിച്ചു. ഏകീകൃത ചാർജ് ആണ് വിവിധ സ്ഥലങ്ങളിലേക്ക് ഈടാക്കുകയെന്ന് ഹരിലാൽ പറഞ്ഞു. ഡ്രൈവർമാർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നൽകുമെന്നും ടാക്സികളിൽ അംഗീകൃത ടാക്സി എന്ന ലേബൽ സ്റ്റിക്കർ പതിച്ചെന്നും അദ്ദേഹം പറഞ്ഞു.
കാനനപാതയിൽ ടാക്സികൾക്ക് അനുമതി ഇല്ലെങ്കിലും പാതയുടെ സമീപത്ത് വിവിധ സ്ഥലങ്ങളിൽ നിന്നും അയ്യപ്പ ഭക്തർക്ക് ടാക്സി മാർഗം എത്തിച്ചേരാം. പാതയിൽ അപകടങ്ങൾ സംഭവിച്ചാൽ രക്ഷാപ്രവർത്തനത്തിനും ടാക്സി സർവീസ് ഉപയോഗിക്കാനാണ് തീരുമാനം. ഉദ്ഘാടന പരിപാടിയിൽ പുതുവത്സര ആഘോഷമായി അയ്യപ്പഭക്തരും വനപാലകരും ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് കേക്ക് മുറിച്ചു ആഘോഷം നടത്തി. വന സംരക്ഷണ സമിതി പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എം.എസ്. സതീശ് നേതൃത്വം നൽകി.