ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ വീട്ടമ്മയ്ക്ക് ബസ് ജീവനക്കാരും യാത്രക്കാരും തുണയായി
1492240
Friday, January 3, 2025 10:25 PM IST
കാഞ്ഞിരപ്പള്ളി: ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ വീട്ടമ്മയെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇന്നലെ രാവിലെ പത്തോടെ കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിൽ ഓടുന്ന ആമീസ് ബസിലാണ് സംഭവം.
ഈരാറ്റുപേട്ടയിൽനിന്ന് കാഞ്ഞിരപ്പള്ളിക്കു വരുന്ന വഴി കപ്പാട് ഭാഗത്തുവച്ചാണ് ചിറക്കടവ് തെക്കേത്തുകവല സ്വദേശിനിയായ രാജമ്മ (58) യ്ക്ക് പെട്ടെന്ന് തലകറക്കവും ക്ഷീണവുമുണ്ടായത്.
ഉടനെ ബസ് ജീവനക്കാരായ വി.എസ്. സോജൻ, സജോ ജോൺ എന്നിവർ വെള്ളം നൽകിയെങ്കിലും വീട്ടമ്മ കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടെന്നുതന്നെ അതേ ബസിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് രാജമ്മയെ എത്തിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ബസിൽ 30 ലധികം യാത്രക്കാരുണ്ടായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചശേഷമാണ് ബസ് ജീവനക്കാരും യാത്രക്കാരും മടങ്ങിയത്.