എരുമേലിയിൽ അമിതവില തടയണം: ദിവസവും പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവ്
1492239
Friday, January 3, 2025 10:25 PM IST
എരുമേലി: പേട്ടതുള്ളൽ സാമഗ്രികൾക്ക് അമിത വില ഈടാക്കുന്നതും പാർക്കിംഗ് ഫീസും ടോയ്ലറ്റ് യൂസർ ഫീസും കൂടിയ നിരക്കിൽ വാങ്ങുന്നതും കർശനമായി തടയണമെന്ന് ഹൈക്കോടതി ഉത്തരവ്. എരുമേലിയിൽ ശബരിമല തീർഥാടന കാലത്തേക്ക് പ്രത്യേകമായി നിയോഗിച്ച എക്സിക്യൂട്ടീവ് മജിസ്ട്രേട്ടും പഞ്ചായത്ത് സെക്രട്ടറിയും എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ച് ദിവസവും പരിശോധന നടത്തി അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
വില, ഫീസ് എന്നിവ വിവിധ ഭാഷകളിൽ വ്യക്തമായി വായിക്കാവുന്ന വിധം പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഇവർ പരിശോധനയിൽ ഉറപ്പുവരുത്തണമെന്നും ജസ്റ്റീസുമാരായ അനിൽ കെ. നരേന്ദൻ, എസ്. മുരളീകൃഷ്ണ എന്നിവർ പുറപ്പെടുവിച്ച വിധിന്യായത്തിൽ പറയുന്നു.
യഥാർഥ വില ഒരു രൂപയുള്ള ശരക്കോൽ എരുമേലിയിൽ 50 മുതൽ 100 രൂപയ്ക്കുവരെ വിറ്റിരുന്നത് ഉൾപ്പെടെ പേട്ടതുള്ളൽ സാമഗ്രികൾക്ക് വൻ വില ഈടാക്കുന്നെന്ന് അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറിയും എരുമേലി സ്വദേശിയുമായ മനോജ് എസ്. നായർ ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് കഴിഞ്ഞയിടെ ദേവസ്വം ബോർഡ്, ജില്ലാ കളക്ടർ, പഞ്ചായത്ത് എന്നിവരോട് കോടതി വിശദീകരണം തേടിയിരുന്നു.
ഇതേത്തുടർന്ന് പേട്ടതുള്ളൽ സാമഗ്രികൾക്കു ജില്ലാ കളക്ടർ വില ഏകീകരിച്ച് നിശ്ചയിച്ചിരുന്നു. എന്നാൽ, ഈ വിലനിരക്ക് ശബരിമലയിലുള്ള വിലയേക്കാൾ കൂടുതൽ ആണെന്ന് അറിയിച്ച് മനോജ് എസ്. നായർ ഹൈക്കോടതിയിൽ ബോധ്യപ്പെടുത്തിയതോടെ വില കുറച്ച് ജില്ലാ ഭരണകൂടം നിശ്ചയിച്ചിരുന്നു.
ഇതുപ്രകാരം ശരക്കോൽ - ഏഴു രൂപ, കച്ച - അഞ്ചു രൂപ, ഗദ - എട്ടു രൂപ, കിരീടം - ആറു രൂപ, വാൾ - എട്ടു രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചത്. എന്നാൽ, ഈ വിലയേക്കാൾ കൂടുതൽ നിരക്കിലാണ് കച്ചവടക്കാർ വിൽപന നടത്തുന്നതെന്ന് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ദിവസവും പരിശോധന നടത്തി വില കൂട്ടി വിൽക്കുന്നത് തടയാൻ ഇപ്പോൾ കോടതി ഉത്തരവിട്ടിരിക്കുന്നത്.
ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഫീസ് നിരക്ക് പ്രകാരമാണ് മറ്റു പാർക്കിംഗ് ഗ്രൗണ്ടുകളിൽ ഫീസ് വാങ്ങുന്നതെന്ന് പരിശോധക സംഘം ഉറപ്പാക്കണം. നിരോധനം ഏർപ്പെടുത്തിയ രാസ നിർമിതമായ കുങ്കുമങ്ങൾക്ക് പകരം ജൈവ സിന്ദൂരം വിൽക്കണമെന്ന് നിർദേശമുണ്ട്. ജൈവ സിന്ദൂരത്തിന് ലഭ്യത കുറവും വില കൂടുതലും ആണെന്ന് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്.