ജീവിതശൈലീ രോഗങ്ങൾക്കു കടിഞ്ഞാണിടാൻ മരങ്ങാട്ടുപിള്ളി
1492235
Friday, January 3, 2025 10:25 PM IST
മരങ്ങാട്ടുപിള്ളി: ജീവിതശൈലീ രോഗങ്ങൾക്കു കടിഞ്ഞാണിടാൻ പരിശ്രമവുമായി മരങ്ങാട്ടുപിള്ളി. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് സ്വരുമ പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെയാണ് ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ സജീവമാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അറിയിച്ചു. പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ജീവിതശൈലീരോഗ ബോധവത്കരണം നടത്തും. ഗ്രാമസഭകളോടു ചേർന്നാണ് ബോധവത്കരണ സെമിനാറുകൾ നടത്തുന്നത്.
ഇന്ന് 10.30ന് കുര്യനാട് ആർപിഎസ് ഹാളിലും 11ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും രണ്ടിന് എട്ടാം വാർഡിലെ മാതൃകാ അംഗൻവാടിയിലും നാളെ 10.30ന് കുര്യനാട് പാവയ്ക്കൽ എൽപി സ്കൂളിലും രണ്ടിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും മൂന്നിന് പൈക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഹാളിലുമാണ് ഗ്രാമസഭയും ബോധവത്കരണ ക്ലാസും.
ആറിന് 10.30ന് കുംഭകോട് അബ്ദുൾകലാം ഓഡിറ്റോറിയത്തിലും രണ്ടിന് പഞ്ചായത്ത് കമ്യൂണിറ്റിഹാളിലും ഏഴിന് 2.30ന് മാഞ്ചേരിക്കുന്ന് സാംസ്കാരികനിലയത്തിലും ജീവിതശൈലീ രോഗബോധവത്കരണ സെമിനാർ നടക്കും. പത്തിന് മൂന്നിന് ആണ്ടൂർ ഗവ.എൽപിസ്കൂളിലും 11ന് രണ്ടിന് മണ്ണയ്ക്കനാട് അങ്കണവാടിയിലും സെമിനാർ നടക്കും. 12ന് 10.30ന് 12-ാം വാർഡിലെ വേലൻമഹാസഭാ ഹാളിലും മൂന്നിന് വലിയപാറ എൻഎസ്എസ് കരയോഗം ഹാൾ, കുറിച്ചിത്താനം കെ.ആർ. നാരായണൻ ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിലും ഗ്രാമസഭയും സെമിനാറും നടക്കും.
പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലിന്റെ നേതൃത്വത്തിൽ ഭരണസമിതിയംഗങ്ങളും സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും സ്വരുമ പാലിയേറ്റീവ് കെയർ കോ-ഓർഡിനേറ്റർ ബെന്നി കോച്ചേരി, പാലിയേറ്റീവ് നഴ്സ് ദീപ്തി കെ. ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ സ്വരുമ പാലിയേറ്റീവ് കെയർ പ്രവർത്തകരും സെമിനാറിനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചു.