ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ പുത്തന്‍ കാഴ്ചപ്പാടുകളുമായി അന്താരാഷ്ട്ര സിമ്പോസിയം
1492234
Friday, January 3, 2025 10:25 PM IST
പാലാ: പാലാ സെന്റ് ജോസഫ് എൻജിനിയറിംഗ് ഓട്ടോണമസ് കോളജും ന്യുഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിററ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് റിലിജിയന്സും സംയുക്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിവിധ മാനങ്ങള്‍ സംബന്ധിച്ച് നടന്നുവരുന്ന സിമ്പോസിയത്തില്‍ പുത്തന്‍ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കപ്പെട്ടു.
ഇന്നലെ നടന്ന സിമ്പോസിയത്തില്‍ ഇന്ത്യക്ക് ഉപകാരപ്രദമായ നിര്‍മിതബുദ്ധിക്ക് അടുത്തകാലത്തുണ്ടായ വളര്‍ച്ച സംബന്ധിച്ച് ലോസ് ഏഞ്ചല്‍സ് ലയോള മേരി മൗണ്ട് യൂണിവേഴ്സിറ്റി സ്പെഷല്‍ അസിസ്റ്റന്റ് ഓംബുഡ്സ്മാന് ആദ്യപ്രബന്ധം അവതരിപ്പിച്ചു. മ്യുസിക്ക്, ചിത്രം, സിനിമ എന്നിവയുടെ നിര്‍മാണവും വളര്‍ച്ചയും പ്രബന്ധത്തില്‍ ചര്‍ച്ചയായി.
പൊതുവിപണിയില്‍ വന്ന നിര്‍മിതബുദ്ധി ഉപകരണങ്ങളും വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ നിര്‍മിതബുദ്ധിയുടെ സഹായം തേടുന്നതും ന്യൂറോ സയന്‍സില്‍ അവയുടെ അടിസ്ഥാനവും ചര്‍ച്ചയായി. ആരോഗ്യപരിപാലനം, കൃഷി, വിദ്യാഭ്യാസം, പൊതുസേവനം എന്നീ രംഗങ്ങളില്‍ നിര്‍മിതബുദ്ധി കൊണ്ടുവന്ന മാറ്റം, കൂടാതെ എഐ സ്റ്റാര്‍ട്ടപ്പുകള്‍, കണ്ടുപിടിത്തങ്ങള്‍, ഗവേഷണം ഇന്ത്യ ഗവൺമെന്റ് നല്കുന്ന പ്രോത്സാഹനം എന്നിവയും വിവരിച്ചു.
നിര്‍മിതബുദ്ധിയിലെ അവ്യക്തമായ സമീപനങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചയായി. മാത്തമാറ്റിക്സ് സ്റ്റാറ്റിറ്റിക്സ് നിര്‍മിതബുദ്ധിയുടെ അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ഡോ. കെ കെ .ജോസ് പ്രബന്ധം അവതരിപ്പിച്ചു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ്, റോബോട്ടിക് മോഡലിംഗ്, അവയുടെ ആസൂത്രണം, നിര്‍വഹണം എന്നിവയില്‍ ഗണിതശാസ്ത്രത്തിനും സ്ഥിതിവിവരക്കണക്കിനും നിര്‍ണായക പങ്കുണ്ടെന്ന് പ്രസ്തുത പ്രബന്ധത്തില്‍ അവതരിക്കപ്പെട്ടു.
മാനുഷികബന്ധങ്ങള്‍, സ്വകാര്യത, ബഹുമാനം, തീരുമാനങ്ങള്‍, തൊഴിലില്ലായ്മ, തൊഴിലിടങ്ങളിലെ ചൂഷണങ്ങള്‍, ഊര്‍ജ ആവശ്യങ്ങള്‍, പരിസ്ഥിതി - കാലാവസ്ഥ വ്യതിയാനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടു പരിഹരിക്കേണ്ട വിഷയങ്ങളെയും പ്രബന്ധം സംബോധന ചെയ്തു.
ഭൗമ-സാമൂഹിക-സാമ്പത്തിക രംഗത്ത് സൃഷ്ടിക്കപ്പെടുന്ന നിരവധിയായ ആശങ്കകള്‍ ധാര്‍മികമായി പരിശോധിച്ച് പൊതുനന്മയ്ക്കായി ഉപയോഗിക്കുന്നതിന് പ്രതിജ്ഞാബദ്ധമാകണമെന്ന് അവര്‍ ഉദ്ബോധിപ്പിച്ചു.
കോളജ് ചെയര്മാന് മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഡയറക്ടര്‍ റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് , മാനേജര്‍ ഫാ. മാത്യു കോരംകുഴ, ഡോ. ജോബ് കോഴാംതടം എസ് ജെ, പ്രിന്‍സിപ്പല്‍ ഡോ. വി.പി. ദേവസ്യ, വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസഫ് പുരയിടത്തില്‍, ബര്‍സാര്‍ ഫാ. ജോണ്‍ മറ്റമുണ്ടയില്‍, . കെ.കെ. ജോസ് , ഡോ. ജില്‍സ് സെബാസ്റ്റ്യൻ, ഡോ. പി.പി.ജോബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നു.