പാലായില്‍ വോളിബോള്‍ മാമാങ്കം ആറുമുതല്‍
1492230
Friday, January 3, 2025 9:47 PM IST
പാലാ: അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല പുരുഷ വിഭാഗം വോളിബോള്‍, പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജില്‍ ആറിന് ആരംഭിക്കും. ഇന്ത്യയിലെ വിവിധ സോണുകളില്നിന്നായി യോഗ്യത നേടിയ 16 ടീമുകളാണ് അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്.
ആറിന് രാവിലെ 6.30 മുതല്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയം, സെന്റ് തോമസ് കോളജ്, ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സ് സെന്റ് തോമസ് കോളജ്, പാലാ അല്‍ഫോന്‍സാ കോളജ് എന്നീ മൂന്നു വേദികളിലായിട്ടാണ് പ്രാഥമിക ലീഗ് റൗണ്ട് മത്സരങ്ങള്‍ അരങ്ങേറുന്നത്. നോക്കൗട് മത്സരങ്ങള്‍ എട്ടിന് രാവിലെ 6.30 മുതല്‍ ആരംഭിക്കും.
മുന്‍വര്‍ഷത്തെ ജേതാക്കളായ എസ്ആര്‍എം യൂണിവേഴ്സിറ്റി ചെന്നൈ, കാലിക്കറ്റ് യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി, കുരുക്ഷേത്ര യൂണിവേഴ്സിറ്റി, ഗുരുനാനാക്ക് ദേവ് യൂണിവേഴ്സിറ്റി പഞ്ചാബ്, പഞ്ചാബി യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും.
വോളിബോള്‍ ഇതിഹാസവും കോളജിന്റെ പൂര്‍വ വിദ്യാര്‍ഥിയുമായ ജിമ്മി ജോര്‍ജിന്റെ നാമധേയത്തിലുള്ള സ്റ്റേഡിയത്തില്‍ ആറിന് വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങില്‍ മന്ത്രിയും പാലാ സെന്റ് തോമസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയുമായ റോഷി അഗസ്റ്റിന് ഉദ്ഘാടനം നിര്‍വഹിക്കും. മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിക്കും. മാണി സി. കാപ്പന് എംഎല്‍എ ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ അനാച്ഛാദനം ചെയ്യും. ടൂര്‍ണമെന്റ് പത്തിന് വൈകുന്നേരം സമാപിക്കും. ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ മന്ത്രി വി.എന്‍ വാസവന് സമ്മാനിക്കും.
പത്രസമ്മേളനത്തില്‍ കോളജ് പ്രന്‍സിപ്പല്‍ ഡോ. സിബി ജെയിംസ് ,ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് ഹെഡ് ഡോ. ആശിഷ് ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ട് മേടയില്‍, എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുകേഷന് ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.