നസ്രാണികള്‍ ഒന്നിച്ചു നിന്നാല്‍ വന്‍ശക്തി: മാര്‍ കല്ലറങ്ങാട്ട്
1492229
Friday, January 3, 2025 9:47 PM IST
പാലാ: സഭയുടെ ചരിത്രം പഠിച്ചാല്‍ ഐക്യത്തിനുള്ള കാരണങ്ങളാണ് കൂടുതലെന്നും നസ്രാണികള്‍ ഒന്നിച്ചു നിന്നാല്‍ വന്‍ ശക്തിയാണെന്നും സീറോ മലബാര്‍ സഭ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്‍മാനും പാലാ രൂപത ബിഷപ്പുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഓര്‍മിപ്പിച്ചു.
മട്ടാഞ്ചേരിയില്‍ ഓര്‍ത്തഡോക്സ് സഭയുടെ തീര്‍ഥാടനകേന്ദ്രത്തില്‍ സംഘടിപ്പിച്ച നസ്രാണി കൂട്ടായ്മയില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. മാര്‍ സ്ലീവാ, മര്‍ത്ത്മറിയം, മാര്‍ തോമാശ്ലീഹാ, സുറിയാനി ആരാധന ക്രമം എന്നിവ നസ്രാണികള്‍ക്ക് പൊതു പൈതൃകമാണെന്നും ബിഷപ് പറഞ്ഞു.1653 ജനുവരി മൂന്നിനു നടന്ന മാര്‍ത്തോമാ നസ്രാണികളുടെ സ്ലീവാ സത്യവും അനുബന്ധ സംഭവങ്ങളും അനുസ്മരിച്ചാണ് ഇന്നലെ സംഗമം നടത്തിയത്.
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റി റവ. തോമസ് വര്‍ഗീസ് അമയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മാനുഷികമായ ശക്തിയില്‍ അല്ല ദൈവത്തില്‍ ആശ്രയിച്ചാല്‍ നസ്രാണികള്‍ക്ക് എവിടെയും ജയിക്കാനാകുമെന്ന് വൈദിക ട്രസ്റ്റി സന്ദേശത്തില്‍ സൂചിപ്പിച്ചു. ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്റെ ആശംസകള്‍ തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ. ബെന്യാമിന് തോമസ് റമ്പാന് അറിയിക്കുകയും വിശിഷ്ടാതിഥികള്‍ക്ക് സോവനീര്‍ സമര്‍പ്പിക്കുകയും ചെയ്തു.
പാലാ രൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഫാ. പോള്‍ ജോര്‍ജ്, ഫാ. സിറില്‍ തോമസ്, ഫാ. മാണി കൊഴുപ്പന്‍കുറ്റി, വിവിധ ദേശങ്ങളില്‍നിന്നുള്ള മാര്‍ത്തോമാ നസ്രാണികള്‍ എന്നിവരും പങ്കെടുത്തു.