പിറവം റോഡ് റെയില്‍വേ സ്റ്റേഷന്-കെപിപിഎല്‍ റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമായി
1487096
Saturday, December 14, 2024 7:08 AM IST
കടുത്തുരുത്തി: തകര്‍ന്നുകിടക്കുന്ന പിറവം റോഡ് റെയില്‍വേ സ്റ്റേഷന്-കെപിപിഎല്‍ റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമായി. സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണ് തകര്‍ന്നുകിടക്കുന്നത്. റെയില്‍വേ സ്റ്റേഷനിലേക്കും ഭവന്‍സ് സ്കൂള്‍, കേന്ദ്രീയ വിദ്യാലയം തുടങ്ങിയ സ്കൂളുകളിലേക്കും വാഹനങ്ങള്‍ പോകുന്ന വഴിയാണിത്. സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത കെപിപിഎല്‍ വക സ്ഥലത്തുകൂടിയാണ് റോഡ് കടന്നു പോകുന്നത്.
കടുത്തുരുത്തി, വൈക്കം നിയോജക മണ്ഡലത്തിലായി സ്ഥിതി ചെയ്യുന്ന റോഡ് പിഡബ്ല്യുഡിയോ, എംഎല്‍എ ഫണ്ടുകളോ ഉപയോഗിച്ചു ടാര്‍ ചെയ്യാനുള്ള നടപടി ബന്ധപ്പെട്ട ജനപ്രതിനിധികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്രയും നാള് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള റോഡായതുകൊണ്ട് എംഎല്‍എ ഫണ്ട് ഉപയോഗിച്ചു ടാര്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ എച്ച്എന്‍എല്‍ ഏറ്റടുത്തതോടെ ഈ തടസം മാറി.
കമ്പനി ഗേറ്റ് മുതല്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് കൂടിയുള്ള റോഡ് ഉൾപ്പെടെ പൂര്‍ണമായും കാല്‍നട പോലും പറ്റാത്തവിധം തകര്‍ന്നുകിടക്കുകയാണ്. ഏതാണ്ട് രണ്ടുപതിറ്റാണ്ട് മുമ്പാണ് റോഡ് ടാര്‍ ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പ് മൂര്ക്കാട്ടുപടിയില്നിന്നു പോലീസ് സ്റ്റേഷന് വരെ കാരിക്കോട്ടിലെ ഒരു കുടുംബയോഗം റോഡിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്തിരുന്നു. അതുകൊണ്ട് അത്രയും ഭാഗത്ത് വലിയ കുഴപ്പമില്ല. എത്രയും വേഗം തകര്‍ന്ന റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റെയിൽവേ ഫണ്ടും കാണുന്നില്ലെന്ന്
വെള്ളൂര്‍ പഞ്ചായത്ത് ജംഗ്ഷനില്‍നിന്നു പിറവം റോഡ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള പാതയുടെ പുനരുദ്ധാരണത്തിന് റെയില്‍വേ 53 ലക്ഷം രൂപ അനുവദിച്ചതായി എംപിയായിരിക്കേതോമസ് ചാഴികാടന് അറിയിച്ചിരുന്നു.
തിരുവനന്തപുരം റെയില്‍വേ ഡിവിഷന്, സീനിയര്‍ ഡിവിഷണല്‍ എൻജിനിയര്‍ (കോഓര്‍ഡിനേഷന്‍) എന്നിവരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചതെന്നാണ് അദേഹം അറിയിച്ചത്.
പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കി, ടെന്‍ഡര്‍ വിളിച്ച് ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ പിന്നീടൊന്നും സംഭവിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.