ഡോക്ടറുടെ സേവനമനസ്; മെഡി. കോളജിലെ റൂമറ്റോളജി വിഭാഗം ഒപി രാത്രി 7.30 വരെ
1486819
Friday, December 13, 2024 7:24 AM IST
ഗാന്ധിനഗര്‍: ഡോക്ടറുടെ സേവന മനസിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റൂമറ്റോളജി വിഭാഗം ഒപി രാത്രി 7.30 വരെ പ്രവര്‍ത്തിക്കും. നിലവില്‍ ഒരു റൂമറ്റോളജി ഡോക്ടര്‍ മാത്രമാണ് ഈ ആശുപത്രിയിലുള്ളത്. വാതസംബന്ധമായ രോഗം ബാധിച്ചു കൈകാല്‍ മുട്ടുകള്‍ക്കും മറ്റും വേദനയും നീരുമൊക്കെയായി നിരവധി രോഗികളാണു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് ഇവിടെ റൂമറ്റോളജി ഒപി പ്രവര്‍ത്തിക്കുന്നത്.
റൂമറ്റോളജി ഒപിയിലേക്ക് നേരിട്ട് ഒപി ചീട്ട് നല്‍കില്ല. മെഡിസിന്, ഓര്‍ത്തോ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നു റഫര്‍ ചെയ്യുന്ന രോഗികള്‍ക്കു മാത്രമേ റൂമറ്റോളജി ഒപിയിലേക്ക് ചീട്ടു നല്‍കുകയുള്ളൂ.
ഈ ഒപിയില്‍ ഒരു ഡോക്ടര്‍ മാത്രമുള്ളതിനാല്‍ ഒപി ദിവസം 100 രോഗികള്‍ക്ക് മാത്രമെ ഒപി ചീട്ട് നല്‍കുകയുള്ളൂ. ഇ ഹെല്‍ത്ത് വഴി ഓണ്‍ലൈനായും ചീട്ട് ബുക്കു ചെയ്യാം. ഭൂരിഭാഗം രോഗികളും ചീട്ട് ലഭിക്കാന്‍ ഒപി ദിവസത്തിനു തലേന്നു രാത്രിതന്നെ ആശുപത്രിയിലെത്തി വരാന്തയിലും മറ്റും തങ്ങുകയാണ്. റൂമറ്റോളജിയിലെ ഡോക്ടര്‍ വിശ്രമമില്ലാതെ രോഗികളെ നോക്കിയാല്‍ മാത്രമേ വൈകുന്നേരം 7.30ന് എങ്കിലും 100 രോഗികളേയും പരിശോധിക്കാന്‍ കഴിയുകയുള്ളൂ.
നിലവില്‍ ഈ വിഭാഗത്തിലെ ഡോക്ടറായ ഡോ. ജി. ഹരികൃഷ്ണന് വിശ്രമമില്ലാതെയാണ് ഒപിയിലെത്തുന്ന രോഗികളെ പരിശോധിക്കുന്നത്. ഒപി ദിവസമായ ഇന്നലെയും രാത്രി 7.30 വരെ ഇരുന്നു 100 രോഗികളേയും പരിശോധിച്ച ശേഷമാണ് ഡോക്ടര്‍ പോയത്.
കൂടുതല്‍ ഡോക്ടര്‍മാർ നിയമിക്കപ്പെട്ടാല്‍ മറ്റു വിഭാഗങ്ങളെ പോലെ റൂമറ്റോളജിയിലും കൂടുതൽ രോഗികൾക്ക് ചികിത്സ നേടാനും ഉച്ചകഴിയുന്പോൾ ഒപി അവസാനിപ്പിക്കാനും കഴിയുമെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. രോഗികളുടെ ദുരിതത്തിനും അറുതിയാകും.