മണർകാട് സംഘത്തിന്റെ ശബരിമല യാത്ര 16ന്
1486834
Friday, December 13, 2024 7:39 AM IST
മണർകാട്: ചരിത്രപ്രസിദ്ധമായ മണർകാട് ദേവീക്ഷേത്രത്തിൽ നിന്ന് മണർകാട് സംഘത്തിന്റെ യാത്ര 16ന് ആരംഭിക്കും. ക്ഷേത്രത്തിലെ ശാസ്താ സന്നിധിയിൽ നിന്ന് 16നു കെട്ടു മുറുക്കി എരുമേലിയിലെത്തുന്ന സംഘം പരമ്പരാഗത കാനനപാതയായ പേരൂർതോട്, കാളകെട്ടി, അഴുത, കരിമല വഴിയാണ് പമ്പയിലെത്തുന്നത്. തുടർന്ന് പമ്പാ സദ്യയും നടത്തും. 18നു രാവിലെ പമ്പാ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന സംഘം നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി സന്നിധാനത്തെത്തി ദർശനം നടത്തും.
കെട്ടുമുറുക്കുന്ന സമയത്ത് ശാസ്താ സന്നിധിയിൽ നീലപ്പട്ട് വിരിച്ച് ഇരുപത്തിയെട്ടര കരകളിലെ ഭക്തജനങ്ങൾ സമർപ്പിക്കുന്ന കാണിയ്ക്ക ശബരിമല സന്നിധാനത്തെ സോപാനപ്പടിയിൽ സമർപ്പിക്കും. തന്ത്രിയിൽ നിന്ന് തീർത്ഥവും പ്രസാദവും സ്വീകരിക്കും. 40 അംഗ സംഘമാണ് ഇത്തവണ മല ചവിട്ടുന്നത്. പെരിയ സ്വാമിമാരായ രവിമനോഹർ, പ്രകാശ് കുമാർ.ക്ഷേത്ര ഭരണ സമിതി അംഗങ്ങളായ സുനിൽകുമാർ, അനിൽകുമാർ,മുരളീധരൻ, സതീഷ് കുമാർ എന്നിവർ സംഘത്തിന്റെ യാത്രയ്ക്ക് നേതൃത്വം നൽകും.