കവര്‍ച്ചയ്ക്കിരയായെന്ന യുവാവിന്റെ പരാതി: പോലീസ് അന്വേഷണം ആരംഭിച്ചു
1486824
Friday, December 13, 2024 7:36 AM IST
കടുത്തുരുത്തി: രാത്രിയില്‍ പൊതുസ്ഥലത്ത് കവര്‍ച്ചയ്ക്കിരയായ യുവാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനോട് പോലീസ് അപമര്യാദയായി പെരുമാറിയത് വിവാദമായിരുന്നു. പൊതുനിരത്തില്‍ കവര്‍ച്ചയ്ക്ക് ഇരയായെന്ന യുവാവിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി വൈക്കം ഡിവൈഎസ്പി സിബിച്ചന് ജോസഫ് പറഞ്ഞു.
കവര്‍ച്ചയ്ക്കിരയായ പെരുവ കാരിക്കോട് നരിക്കുഴി പടിക്കല്‍ എന്‍.എം. ജിഷ്ണു (27) വിന്റെ നഷ്ടപ്പെട്ട മൊബൈലിന്റെ കോള്‍ രേഖകളും വിശദമായി പരിശോധിക്കും. പരാതിയില്‍ പറയുന്ന മേഖലയിലെ മുഴുവന്‍ സിസി ടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതു പരിശോധിച്ചു വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായി നടപടിയുണ്ടാകുമെന്നും ഡിവൈഎസ്പി പറഞ്ഞു.
സംഭവം സംബന്ധിച്ച് ദീപിക ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം രാത്രിയില്‍ പൊതുസ്ഥലത്തു വച്ച് കവര്‍ച്ചയ്ക്കിരയായെന്ന വിവരം പറഞ്ഞാണ് ജിഷ്ണു തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത്.
ജോലി കഴിഞ്ഞു ബസില്‍ വന്നിറങ്ങി വീട്ടിലേക്ക് പോകാന്‍ റോഡരികില്‍ വച്ചിരുന്ന ബൈക്കെടുക്കാന്‍ പോകുന്നതിനിടെ ചൊവ്വാഴ്ച രാത്രി 10.45 ഓടെ ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ തലപ്പാറ ജംഗ്ഷനിലായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസില്‍ വന്നിറങ്ങിയ തന്നോട് പള്‍സര്‍ ബൈക്കില്‍വന്ന രണ്ടു യുവാക്കള്‍ ഫോണ്‍ ചെയ്യാന്‍ മൊബൈല്‍ തരുമോയെന്ന് ചോദിച്ചെന്നും ഇവരുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ ഇവരിലൊരാള്‍ മൊബൈല്‍ തട്ടിപ്പറിച്ച ശേഷം ഇരുവരും കടന്നു കളഞ്ഞുവെന്നുമാണ് ജിഷ്ണു പരാതിയില്‍ പറയുന്നത്.
സംഭവത്തില്‍ പരാതി പറയാന്‍ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തിയ തന്നോട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് പരാതി തന്നാല്‍ മതിയെന്നും തട്ടി പറിച്ചുവെന്ന് കാണിക്കേണ്ടെന്ന് ആവശ്യപ്പെട്ടതായും ജിഷ്ണു പറയുന്നു.
ബുധനാഴ്ച്ച വൈകുന്നേരം വീണ്ടും സ്റ്റേഷനിലെത്തി ജിഷ്ണു നല്കിയ പരാതിയിലാണ് പോലീസ് എഫ്ഐആര്‍ ഇട്ടതും തുടര്‍ന്ന് പ്രാഥമിക അന്വേഷണവും പരിശോധനയും ആരംഭിച്ചതും. തുടര്‍ന്നാവും പോലീസ് കേസെടുക്കുക.