മുണ്ടക്കയത്ത് സീബ്രാലൈനുകളില്ല; ജീവൻ കൈയിൽപ്പിടിച്ച് കാൽനടയാത്രക്കാർ
1486960
Saturday, December 14, 2024 5:16 AM IST
മുണ്ടക്കയം: സീബ്രാലൈനുകളുടെ അഭാവവും അനധികൃത വാഹന പാർക്കിംഗും മുണ്ടക്കയം പുത്തൻചന്തയിൽ അപകടങ്ങൾ വർധിപ്പിക്കുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് മേഖലയിൽ ഓരോ ആഴ്ചയിലും സംഭവിക്കുന്നത്.
വീതിക്കുറവും അനധികൃത പാർക്കിംഗും
റോഡിന്റെ വശങ്ങളിലെ അനധികൃത വാഹന പാർക്കിംഗും റോഡിന്റെ വീതി കുറവും സീബ്രാലൈനുകളുടെ അഭാവവുമാണ് വാഹനാപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നത്. ഏതാനും മാസങ്ങൾക്കുമുമ്പ് പുത്തൻചന്തയിൽ റോഡു മുറിച്ചുകടന്ന വയോധികൻ വാഹനമിടിച്ചു മരിച്ചിരുന്നു.
വ്യാഴാഴ്ച അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ കാൽനടയാത്രക്കാരിയെ ഇടിച്ചു തെറിപ്പിക്കുകയും ഇവർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. റോഡിന്റെ വശത്തെ അനധികൃത വാഹന പാർക്കിംഗാണ് അപകടത്തിന് ഇടയാക്കിയതെന്നു പരക്കേ ആക്ഷേപമുണ്ട്.
സീബ്രാലൈൻ മാഞ്ഞു
സീബ്രാലൈനുകളുടെ അഭാവവും മേഖലയിൽ അപകടങ്ങൾ വിളിച്ചുവരുത്തുകയാണ്. വർഷങ്ങൾക്കുമുമ്പ് വരച്ച സീബ്രാലൈനുകൾ കാലപ്പഴക്കത്താൽ മാഞ്ഞു. പുത്തൻചന്തയ്ക്ക് സമീപത്തെ സ്കൂളിലെ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ ജീവൻ പണയം വച്ചാണ് റോഡ് മുറിച്ച് കടക്കുന്നത്. പലപ്പോഴും തലനാരിഴയ്ക്കാണ് കുട്ടികൾ അപകടത്തിൽപ്പെടാതെ രക്ഷപ്പെടുന്നത്.
മാഞ്ഞുപോയ സീബ്രാലൈനുകൾ പുനഃസ്ഥാപിക്കണമെന്നു നിരവധിത്തവണ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികാരികൾ മൗനത്തിലാണ്. പല സമയങ്ങളിലും രക്ഷിതാക്കളെത്തിയാണ് കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നത്.
വാഹനത്തിരക്ക്
മണ്ഡല-മകരവിളക്ക് തീർഥാടനകാലം ആരംഭിച്ചതോടെ ഇതുവഴിയുള്ള വാഹന തിരക്കും വർധിച്ചു. മുൻവർഷങ്ങളിൽ തീർഥാടന കാലത്ത് സ്കൂൾ സമയങ്ങളിൽ വിദ്യാർഥികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതിനായി ഇവിടെ ട്രാഫിക് പോലീസിനെ നിയമിച്ചിരുന്നു. എന്നാൽ, ഈ വർഷം ഇത് ഉണ്ടാകുന്നില്ലെന്നു രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു.
വലിയ അപകടങ്ങൾക്കു കാത്തുനിൽക്കാതെ റോഡിൽ സുരക്ഷാസംവിധാനം ഒരുക്കി അപകടങ്ങൾ ഒഴിവാക്കാൻ അധികാരികൾ തയാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.