മാലിന്യം വലിച്ചെറിയരുതേ... ആവണിത്തോട് സുഗമമായി ഒഴുകട്ടെ
1486833
Friday, December 13, 2024 7:39 AM IST
ചങ്ങനാശേരി: ആവണിത്തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നവരുടെ ശ്രദ്ധയ്ക്ക്. ഇനി മാലിന്യം ഈ തോട്ടിലേക്ക് വലിച്ചെറിഞ്ഞ് വെള്ളം മലിനമാക്കരുത്... ലക്ഷക്കണക്കിനു രൂപ മുടക്കി നിരവധി തൊഴിലാളികള്‍ കഷ്ടപ്പെട്ടാണ് നഗരത്തിലെ പ്രധാനപ്പെട്ട ഈ തോട്ടിലെ അഴുക്കും ചെളിയും മാലിന്യവും നീക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചത്.
ആവണിത്തോട് മൈത്രി ലൈന്‍ ശുചീകരണത്തില്‍ നഗരസഭ ശുചീകരണ തൊഴിലാളികളും ഹരിത കര്‍മസേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും പൊതുജനങ്ങളും പങ്കാളികളായി. ലോഡുകണക്കിനു മാലിന്യമാണ് ഇവര്‍ വാരി നീക്കിയത്.
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന് മൂന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ആവണത്തോട് നവീകരണം നടത്തുന്നത്. ഇനി ഞാനൊഴുകട്ടെ എന്ന പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് നിര്‍വഹിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എല്‍സമ്മ ജോബ്, പി.എ. നിസാര്‍, കൗണ്‍സിലര്‍ ബീന ജോബി, ക്ലീന്‍ സിറ്റി മാനേജര്‍ മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.