പ്രവർത്തനം നിലച്ച് മറ്റപ്പള്ളി ജലനിധി കുടിവെള്ള പദ്ധതി
1486818
Friday, December 13, 2024 7:24 AM IST
ളാക്കാട്ടൂർ: കൂരോപ്പട പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട മറ്റപ്പള്ളി കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം നിലച്ചിട്ട് ആറുമാസമായി. 2012ൽ കമ്മീഷൻ ചെയ്ത പദ്ധതിയാണിത്. 28 ലക്ഷം മുതൽമുടക്കിയാണ് പൂർത്തീകരിച്ചത്. 7500 രൂപയാണ് ഗുണഭോക്താക്കളുടെ വിഹിതം. വിവിധ തുകകൾ ഈടാക്കിയാണ് കണക്ഷൻ കൊടുത്തത്. മണ്ണനാൽതോട് ജലനിധി പദ്ധതിയിലെ വെള്ളം ഗാർഹികാവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്നാണ് നിബന്ധന. എന്നാൽ ഈ വെള്ളം ഉപയോഗശൂന്യമാണ്.
മറ്റപ്പള്ളി കേന്ദ്രമായുള്ള മറ്റപ്പള്ളി ജലനിധി പദ്ധതിയിൽനിന്നുള്ള വെള്ളം ഗാർഹിക ആവശ്യത്തിനൊഴിച്ച് എന്തിനും ഉപയോഗിക്കാമെന്ന സ്ഥിതിയാണ്. അതുപോലെ കലക്കൽ നിറഞ്ഞ വെള്ളമാണ് ലഭിക്കുന്നത്.
അകലക്കുന്നം പഞ്ചായത്തിലെ മഞ്ഞാമറ്റത്ത് പ്രവർത്തിച്ചിരുന്ന ഗോമ്മവുഡ് കന്പനിക്ക് എതിർവശത്തെ കുളത്തിൽനിന്നുള്ള ജലത്തെ ആശ്രയിക്കുന്നത് 28 കുടുംബങ്ങളാണ്.
മാസം 150 രൂപ ഉപയോക്താക്കളിൽനിന്ന് ഈടാക്കിയിരുന്നു. പക്ഷേ ചെളിനിറഞ്ഞ ജലമായതിനാൽ ഉപയോഗിക്കാൻ കഴിയില്ല. ഒരു മാസം ഇരുന്നാൽപോലും വെള്ളം തെളിയില്ലെന്ന് മണ്ണനാൽതോട് പൗരസമിതി ഭാരവാഹികൾ പറയുന്നു. അതിനാൽ കുടിവെള്ളത്തിനായി മറ്റു മാർഗങ്ങൾ തേടേണ്ട സ്ഥിതിയാണെന്നും ഗുണഭോക്താക്കൾ പറയുന്നു.
കുടിവെള്ള പദ്ധതിയുടെ ഈ അവസ്ഥ സംബന്ധിച്ചു കൂരോപ്പട പഞ്ചായത്ത് സെക്രട്ടറിക്ക് പരാതികൊടുത്തിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് മണ്ണനാൽതോട് പൗരസമിതി സെകട്ടറി എം.ആർ. പ്രഭാകരൻ പറഞ്ഞു.