വനനിയമ ഭേദഗതി ജനദ്രോഹം: കത്തോലിക്ക കോൺഗ്രസ്
1486963
Saturday, December 14, 2024 5:16 AM IST
കാഞ്ഞിരപ്പള്ളി: വനത്തിനു പുറത്തും വനംവകുപ്പിന് കൂടുതൽ അധികാരങ്ങൾ നൽകിക്കൊണ്ട് 1961ലെ കേരള ഫോറസ്റ്റ് ആക്ട് പരിഷ്കരിക്കുന്നതിന് വനംവകുപ്പ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന കരട് വിജ്ഞാപനത്തിലെ നിർദേശങ്ങൾ ജനദ്രോഹപരമാണെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആരോപിച്ചു.
വന്യജീവിശല്യം നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതു ഫലപ്രദമായി നിയന്ത്രിക്കാനുള്ള വകുപ്പുകൾ കൂട്ടിച്ചേർക്കുന്നതിനാണ് വനംവകുപ്പ് തയാറാകേണ്ടത്. അതിനുപകരം വന്യമൃഗ ശല്യത്തിനെതിരേ പ്രതിഷേധിക്കുന്ന കർഷകരെ പ്രതിയാക്കാൻ പറ്റുന്ന രീതിയിലാണ് പുതിയ നിയമ ഭേദഗതി.
വാറണ്ട് കൂടാതെ കുറ്റാരോപിതരെ കസ്റ്റഡിയിൽ വയ്ക്കാൻ വനംവകുപ്പിലെ താഴ്ന്ന ഉദ്യോഗസ്ഥർക്കുപോലും അധികാരം നൽകുന്ന ബിൽ പ്രാബല്യത്തിൽ വന്നാൽ വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാവും. ഇത് വനംവകുപ്പിന് ജനങ്ങളുടെ മേലുള്ള അമിത ആധിപത്യത്തിനും സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നതിനും ഇടയാക്കും.
ജനവാസ മേഖലയിലിറങ്ങി കൃഷിനാശവും ജീവഹാനിയും വരുത്തുന്ന വന്യമൃഗങ്ങളെ വനത്തിനുള്ളിൽ നിലനിർത്തുന്നതിനുള്ള നിയമനിർമാണം നടത്തുന്നതിനു പകരം ജനവിരുദ്ധ വനനിയമ ഭേദഗതിക്ക് സർക്കാർ തുനിയുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരങ്ങൾ നൽകുക വഴി ജനങ്ങളെ ഉപദ്രവിക്കാനും കൊള്ളയടിക്കാനും അവസരമൊരുക്കുന്ന ബിൽ പിൻവലിക്കണമെന്ന് രൂപത സമിതി ആവശ്യപ്പെട്ടു.
രൂപത ഡയറക്ടർ ഫാ. മാത്യു പാലക്കുടി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, രൂപത ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, ടെസി ബിജു പാഴിയാങ്കൽ, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ഫിലിപ്പ് പള്ളിവാതുക്കൽ, ഡെയ്സി ജോർജുകുട്ടി, സിനി ജിബു നീറനാക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.