മീനച്ചില്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരേ ഭിന്നശേഷിക്കാര്‍ നിരാഹാരസമരത്തിന്
1486975
Saturday, December 14, 2024 5:27 AM IST
പാലാ: മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് പഞ്ചായത്ത് ഭരണസമിതി നീതി നിഷേധിക്കുന്നുവെന്നാരോപിച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ 16 മുതല്‍ ഭിന്നശേഷിക്കാര്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും. പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ സംഘടനയായ ഗ്രാമസഹായ് സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് സമരം ആരംഭിക്കുന്നത്.
മീനച്ചില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരായ വനിതകളും പുരുഷന്മാരും കൂടി നടത്തപ്പെടുന്ന സംഘടന കഴിഞ്ഞ പത്തു മാസക്കാലമായി ളാലം ബ്ലോക്കില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി ഫെഡറേഷന് ഓഫ് ദി ഡിഫറന്‍ഷ്യലി ഏബിള്‍ഡ് സംഘടനയിലെ അംഗങ്ങളുമാണ്.
നിത്യവൃത്തിക്കും തൊഴില്പുരോഗതിക്കും സാമ്പത്തിക അഭിവൃത്തിക്കുമായി പലവിധ കൈത്തൊഴിലുകള്‍ അഭ്യസിച്ചിട്ടുള്ള ഇവരുടെ സ്വയം തൊഴില്‍ മേഖല ത്വരിതപ്പെടുത്തുന്നതിനായി ഭരണസമിതിയോട് പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തില്‍ ഒരു മുറി വിട്ടു നല്‍കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നല്കാന് തയാറായിട്ടില്ല.
ഇക്കാര്യം ആവശ്യപ്പെട്ട് മുമ്പ് സൂചനാസമരം നടത്തിയിട്ടും തങ്ങളോട് തികഞ്ഞ അവഗണനയാണ് ഭരണസമിതി കാണിക്കുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ ഇന്നലെ പാലായില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.