ജപ്തിയിലായ കുടുംബത്തിന് സഹായവുമായി പഞ്ചായത്ത്
1486966
Saturday, December 14, 2024 5:16 AM IST
എരുമേലി: കഴിഞ്ഞ ദിവസം വീടും സ്ഥലവും സ്വകാര്യ ബാങ്ക് ജപ്തി ചെയ്തതു മൂലം വീട്ടിൽ നിന്നിറങ്ങേണ്ടി വന്ന നിർധന കുടുംബത്തെ സഹായിക്കുന്നതിന് പഞ്ചായത്ത് ശ്രമം ആരംഭിച്ചു. ബാങ്ക് അധികൃതരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് ശ്രമം ആരംഭിച്ചത്. ഒപ്പം സുമനസുകളായ ചിലർ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു.
വായ്പ അടച്ചുതീർത്ത് വീടും സ്ഥലവും തിരിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ഇതിനുവേണ്ടി ചർച്ച നടത്താൻ ബാങ്ക് അധികൃതരോട് സമയം ചോദിച്ചിട്ടുണ്ടെന്നും ചർച്ച നടന്നാൽ തുക പരമാവധി കുറച്ചു കിട്ടാൻ ആവശ്യപ്പെടുമെന്നും പ്രസിഡന്റ് പറഞ്ഞു. ചർച്ച വിജയമായില്ലെങ്കിൽ കുടുംബത്തിന് താമസസൗകര്യം ഏർപ്പാടാക്കാൻ ഇടപെടൽ നടത്താനാണ് തീരുമാനം.
എരുമേലി പഞ്ചായത്ത് കനകപ്പലം വാർഡിൽ അടുക്കള കോളനി ഭാഗത്ത് കുളക്കുറ്റിയിൽ രാജേഷ് - സുജ ദമ്പതികളുടെ മൂന്ന് സെന്റ് സ്ഥലവും വീടുമാണ് കഴിഞ്ഞ ദിവസം ബാങ്ക് ജപ്തി ചെയ്തത്.
വീട് പൂട്ടി പോലീസിന്റെ നേതൃത്വത്തിൽ ബാങ്ക് അധികൃതർ സീൽ ചെയ്തതോടെ രാജേഷും കുടുംബവും ഇപ്പോൾ വാടക വീട്ടിൽ കഴിയുന്ന ബന്ധുക്കൾക്കൊപ്പമാണ് താമസിക്കുന്നത്. ഭിന്നശേഷിക്കാരിയായ മകൾ ഉൾപ്പെടെ മൂന്നു മക്കൾ അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം കൂലിപ്പണിക്കാരനായ രാജേഷിന്റെ തുച്ഛമായ വരുമാനം മാത്രമാണ്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട രാജേഷ് 2.5 ലക്ഷം രൂപയാണ് വീട് നിർമാണത്തിനായി വായ്പ എടുത്തത്. ഈ തുക അടച്ചെങ്കിലും ഇനി അഞ്ചു ലക്ഷത്തിൽപരം രൂപ അടയ്ക്കണമെന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്.