നീതി ലഭിക്കുമെന്ന കാര്യത്തില്‍ വിശ്വാസമുണ്ടെന്ന് ഡോ. വന്ദനയുടെ പിതാവ്
1487100
Saturday, December 14, 2024 7:17 AM IST
കടുത്തുരുത്തി: കാത്തിരിക്കേണ്ടി വന്നാലും തടസപ്പെടുത്തിയാലും നീതിപീഠത്തില്‍നിന്ന് നീതി ലഭിക്കുമെന്ന കാര്യത്തില്‍ വിശ്വാസമുണ്ടെന്ന് ഡോ. വന്ദനയുടെ പിതാവ് കെ.ജി. മോഹന്‍ദാസ്. നീതിയും സത്യവും എക്കാലവും മറച്ചുവയ്ക്കാനോ അകറ്റിനിര്‍ത്താനോ ആര്‍ക്കും കഴിയില്ല. അല്പം വൈകിയാണെങ്കിലും സത്യം ജയിക്കും, നീതി ലഭിക്കും. ആരോഗ്യവും ആയുസും അനുവദിക്കുന്നിടത്തോളം കാലം നീതിക്കായുള്ള പോരാട്ടം തുടരും.
നഷ്ടപ്പെട്ടത് ഞങ്ങള്‍ക്കാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റു കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിന്റെ പിതാവ് കെ.ജി. മോഹന്‍ദാസ് പറഞ്ഞു. കേസിലെ പ്രതിയായ കൊട്ടാരക്കര കുടവട്ടൂര്‍ ശ്രീനിലയത്തില്‍ സന്ദീപ് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മോഹന്‍ദാസ്.
തിരുവനന്തപുരത്ത് ജയിലില്‍ കഴിയുന്ന പ്രതി നെടുമ്പന യുപി സ്കൂള്‍ അധ്യാപകനായിരുന്ന സന്ദീപ് (43) ജാമ്യത്തിനായി നേരത്തെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.