കോടിമത-മുപ്പായിക്കാട് റോഡ് പുനരുദ്ധാരണത്തിനു തുടക്കമായി
1486813
Friday, December 13, 2024 7:24 AM IST
കോട്ടയം: കാത്തിരിപ്പിനൊടുവില്‍ കോട്ടയം കോടിമത - മുപ്പായിക്കാട് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. കോട്ടയം ജനറല്‍ ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രി വളപ്പില്‍നിന്ന് നീക്കം ചെയ്തു തുടങ്ങിയ മണ്ണ് റോഡ് നിര്‍മാണത്തിനായി എത്തിച്ചുത്തുടങ്ങി. എംസി റോഡില്‍ നിന്നും മുപ്പായിക്കാടിനുള്ള വഴി ആരംഭിക്കുന്ന ഭാഗത്തു നിന്നാണു നിര്‍മാണം ആരംഭിച്ചത്.
എട്ടു മീറ്റര്‍ വീതിയില്‍ എംസി റോഡിന്റെ നിരപ്പില്‍ മണ്ണിട്ട് ഉയര്‍ത്തും. ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് ഇരുവശങ്ങളിലും സംരക്ഷണഭിത്തിയും നിര്‍മിക്കും.
ജില്ലാ ആശുപത്രിയില്‍നിന്നും കെട്ടിടനിര്‍മാണത്തിന്റെ ഭാഗമായി നീക്കം ചെയ്യുന്ന മണ്ണ് മുപ്പായിക്കാട് റോഡ് പുനരുദ്ധാരണത്തിന് ഉപയോഗിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ ആവശ്യം ജില്ലാ വികസന സമിതിയും ജില്ലാ ഭരണകൂടവും അംഗീകരിച്ചതോടെയാണ് കാല്‍നടയാത്രപോലും കഴിയാത്തവിധം തകര്‍ന്നുകിടന്ന മുപ്പായിക്കാട് റോഡിന് ശാപമോക്ഷമായത്.
ഇന്നലെ രാവിലെ റോഡ് നിര്‍മാണത്തിനായി മണ്ണിടല്‍ ആരംഭിച്ചപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സിബി ജോണ്‍ കൈതയില്‍, എന്‍. ജയചന്ദ്രന്, മണ്ഡലം പ്രസിഡന്റ് ജോണ്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ എസ്. രാജീവ്, ജില്ലാ ആശുപത്രി വികസന സമിതിയംഗം സാബു ഈരയില്‍,
കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.പി. ശിവരാമന് നായര്‍, കോടിമത ജേര്‍ണലിസ്റ്റ് ഗാര്ഡന് അസോസിയേഷന് പ്രസിഡന്റ് ചെറുകര സണ്ണി ലൂക്കോസ്, സെക്രട്ടറി പി.പി. മുഹമ്മദുകുട്ടി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.