മീനച്ചില്‍ താലൂക്ക് ‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്ത് ഇന്ന് പാലായില്‍
1486815
Friday, December 13, 2024 7:24 AM IST
പാലാ: മീനച്ചില്‍ താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ പരാതിപരിഹാര അദാലത്ത് ഇന്നു രാവിലെ 10 മുതല്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. ജനങ്ങളുടെ പരാതികളും അപേക്ഷകളും തീര്‍പ്പാക്കുന്നതിനായി രണ്ടു മന്ത്രിമാര്‍ പങ്കെടുത്ത് നടത്തുന്ന അദാലത്ത് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന് അധ്യക്ഷത വഹിക്കും.
എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, എംഎല്‍എമാരായ മാണി സി. കാപ്പന്, മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, പാലാ നഗരസഭാ ചെയര്മാന് ഷാജു വി. തുരുത്തന്, നഗരസഭാംഗം ബിജി ജിജോ കുടക്കച്ചിറ, ആര്‍ഡിഒ കെ.പി. ദീപ എന്നിവര്‍ പങ്കെടുക്കും.
ഓണ്‍ലൈനിലൂടെ 136 പരാതികളാണ് മീനച്ചില്‍ താലൂക്കിലെ അദാലത്തിലേക്ക് ലഭിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് അദാലത്ത് കൗണ്ടറുകളിലൂടെ നേരിട്ടും പരാതികള്‍ നല്‍കാം.
ചങ്ങനാശേരി താലൂക്കിലെ അദാലത്ത് 16ന് രാവിലെ 10 മുതല്‍ ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിലും കാഞ്ഞിരപ്പള്ളി താലൂക്കിലേത് 17ന് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിലും നടക്കും.