നഗരസഭാ കേരളോത്സവം ഇന്നും നാളെയും; വിളംബര റാലി ഇന്ന്
1487107
Saturday, December 14, 2024 7:17 AM IST
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയുടെ ആഭിമുഖ്യത്തിലുള്ള കേരളോത്സവം ഇന്നും നാളെയും നടക്കുമെന്ന് ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നു രാവിലെ ഒമ്പതിന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍നിന്നു മുനിസിപ്പല്‍ ഓഫീസിലേക്ക് വര്‍ണാഭമായ വിളംബര റാലി നടക്കും. റാലി എത്തിയശേഷം പ്രധാനവേദിയായ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിക്കും. കലാമത്സരങ്ങള്‍ സീരിയല്‍ ആര്‍ട്ടിസ്റ്റ് മീനാക്ഷിയും കായികമത്സരങ്ങള്‍ ദേശീയ നീന്തല്‍താരം സുമി സിറിയകും ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടെസ വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.
നൃത്തയിനങ്ങള്‍ കോണ്‍ഫറന്‍സ് ഹാളിലെ ഒന്നാംനമ്പര്‍ വേദിയിലും ചിത്രരചന, കഥാരചന ഇനങ്ങള്‍ നഗരസഭാ ലൈബ്രറി ഹാളിലെ രണ്ടാം നമ്പര്‍ വേദിയിലും പ്രസംഗ ഇനങ്ങള്‍ കൗണ്‍സില്‍ ഹാളിലെ മൂന്നാം നമ്പര്‍ വേദിയിലുമായി നടക്കും.
ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ എസ്ബി കോളജ് ഗ്രൗണ്ടിലും ബാഡ്മിന്റണ്‍ ഇനങ്ങള്‍ ഫാത്തിമ വെല്‍ഫെയര്‍ ലീഗ് ടര്‍ഫിലും നടത്തും. 15നും 40നും ഇടയിലുള്ള എല്ലാവര്ക്കും പരിപാടികളില്‍ പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എല്‍സമ്മ ജോബ്, ടെസ വര്‍ഗീസ്, കൗണ്‍സിലര്‍മാരായ രാജു ചാക്കോ, ബാബു തോമസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.