സ്വകാര്യസ്ഥലത്തെ ബോര്‍ഡുകള്‍ നീക്കുന്നതിൽ പ്രതിഷേധം
1486814
Friday, December 13, 2024 7:24 AM IST
മീനടം: പൊതുസ്ഥലത്തെ ബോര്‍ഡുകള്‍ അഴിച്ചുമാറ്റുന്ന നടപടിക്കിടയില്‍ സ്വകാര്യസ്ഥലത്തെ ബോര്‍ഡുകളും നീക്കുന്നതിനെതിരേ പ്രതിഷേധം ശക്തം. വ്യാപാരികളും സ്ഥാപനങ്ങളും സ്വകാര്യഭൂമിയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കിയ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിലാണ് വ്യാപക പ്രതിഷേധമുണ്ടായത്. മീനടം പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
സെന്റ് ഇഗ്നാത്തിയോസ് പള്ളിയുടെ മാളികപ്പടിയിലുള്ള കുരിശുപള്ളിയുടെ അങ്കണത്തില്‍ സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയ്തത് വന്‍പ്രതിഷേധത്തിനിടയാക്കി. ഇന്നലെ ഉച്ചയോടെയാണു സംഭവം. പള്ളി പുരയിടത്തില്‍ അതിക്രമിച്ചു കയറി ബോര്‍ഡ് നീക്കം ചെയ്തതു വാക്കേറ്റത്തിനിടയാക്കി. ബോര്‍ഡ് നീക്കം ചെയ്തത് ഇടവകാംഗങ്ങള്‍ ചോദ്യം ചെയ്തു.
പഞ്ചായത്തിനു സമീപമുള്ള കടയുടെ മുന്നില്‍ സ്വകാര്യപുരയിടത്തില്‍ സ്ഥാപിച്ച ബോര്‍ഡും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെയും പ്രതിഷേധം വ്യാപകമാണ്. പൊതുസ്ഥലത്ത് ഇപ്പോഴും രാഷ്ട്രീയപാര്‍ട്ടികളുടെ ബോര്‍ഡുകള്‍ ഉണ്ടെന്നും വിവേചനത്തോടെയാണു നീക്കം ചെയ്യുന്നതെന്നും നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയുടെ നടപടിയെ എതിര്‍ത്തു.
പള്ളി പുരയിടത്തില്‍ അതിക്രമിച്ചു കയറി ബോര്‍ഡ് നീക്കം ചെയ്തതു ചോദ്യം ചെയ്ത ഇടവകാംഗങ്ങളെ പോലീസില്‍ വിവരമറിയിച്ചു ഭീഷണിപ്പെടുത്തിയ സെക്രട്ടറിയുടെ നടപടിയില്‍ പള്ളി ഭരണസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കളക്ടര്‍ അടക്കം റവന്യു, പഞ്ചായത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും പള്ളി അധികൃതര്‍ പറഞ്ഞു.