സെന്റ് ഡൊമിനിക്സ് കോളജിൽ അധ്യാപക പരിവർത്തന പരിപാടി ആരംഭിച്ചു
1486967
Saturday, December 14, 2024 5:27 AM IST
കാഞ്ഞിരപ്പള്ളി: കേരള പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ദശദിന ഹയർ സെക്കൻഡറി അധ്യാപക പരിവർത്തന പരിപാടി സെന്റ് ഡൊമിനിക്സ് കോളജിൽ ആരംഭിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
മാതാപിതാക്കൾക്കുശേഷം വിദ്യാർഥികളെ ഏറ്റവും അധികം സ്വാധീനിക്കാൻ കഴിയുന്നത് അധ്യാപകർക്കാണെന്നും അധ്യാപകർ ഉത്തരവാദിത്വബോധത്തോടെ ശിക്ഷണം നൽകി പുതിയ തലമുറയെ വാർത്തെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും നടപ്പിലാക്കാത്ത അധ്യാപക പരിവർത്തന പരിപാടിയാണ് കേരളത്തിൽ ഹയർ സെക്കൻഡറി അധ്യാപകർക്കായി പത്തുദിവസം താമസിച്ചുള്ള കോഴ്സായി ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള 40 വീതം ഫിസ്ക്സ്,
ഹിസ്റ്ററി ഹയർ സെക്കൻഡറി അധ്യാപകരാണ് കോഴ്സിൽ പങ്കെടുക്കുന്നത്. പഠിപ്പിക്കുന്ന വിഷയം, വിദ്യാഭ്യാസ സാങ്കേതികവിദ്യ, കൗമാര മനഃശാസ്ത്രം, ഗവേഷണം, ശാസ്ത്രീയത തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യും.
പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷത വഹിച്ചു. ഇംപ്ലിമെന്റിംഗ് പ്രിൻസിപ്പൽ ഹരികൃഷ്ണൻ, ഡിഎച്ച്എസ്ഇ ജില്ലാ കോ-ഓർഡിനേറ്റർ ടി.ആർ. പ്രവീൺ, ബർസാർ റവ.ഡോ. മനോജ് പാലക്കുടി, ബിനോ പി. ജോസ്, നെൽസൺ കുര്യാക്കോസ്, ജോജി തോമസ്, ജി. വിമൽ, യൂസഫ് കുമാർ, ആശിഷ് എന്നിവർ പ്രസംഗിച്ചു.