അകലക്കുന്നത്ത് സ്ത്രീസുരക്ഷയ്ക്കായി ‘ലൈഫ് സേവിംഗ് ടിപ്സ് ’
1486816
Friday, December 13, 2024 7:24 AM IST
അകലക്കുന്നം: പഞ്ചായത്തിൽ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പോലീസ് വകുപ്പിന്റെ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ‘ലൈഫ് സേവിംഗ് ടിപ്സ്’ എന്ന പദ്ധതിയിലൂടെ അകലക്കുന്നത്ത് സ്ത്രീസുരക്ഷാ പദ്ധതിക്ക് തുടക്കമായി.
പഞ്ചായത്തിലെ മുഴുവൻ വനിതകൾക്കും സ്വയം സുരക്ഷാ പരിശീലനം നൽകുന്ന ഈ പദ്ധതി പൂർത്തിയാകുന്പോൾ പഞ്ചായത്തിലെ സ്ത്രീകളെ തൊട്ടാൽ വിവരമറിയും. ഓരോ വാർഡിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 10 പേർക്കാണ് നാലുദിവസം നീണ്ടുനിൽക്കുന്ന പരിശീലനം നൽകുന്നത്.
തുടർന്ന് അവർ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അവരവരുടെ വാർഡിലെ മുഴുവൻ വനിതകൾക്കും മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിശീലനം നൽകും. ഇതു കൂടാതെ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെ പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ജാൻസി ബാബു അധ്യക്ഷത വഹിച്ചു, ജേക്കബ് തോമസ് താന്നിക്കൽ, ജെ. ജയകുമാരി , ജനപ്രതിനിധികളായ ശ്രീലത ജയൻ, ബെന്നി വടക്കേടം, മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്, സിജി സണ്ണി, ഷാന്റി ബാബു, ജീന ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.