ഹൈക്കോടതിക്ക് നന്ദിയെന്ന് നാട്ടുകാർ : അനധികൃത ബോർഡുകൾ ഏറ്റുമാനൂർ നഗരസഭ നീക്കം ചെയ്തു
1487089
Saturday, December 14, 2024 7:08 AM IST
ഏറ്റുമാനൂർ: നഗരസഭാ പരിധിയിൽ സ്ഥാപിച്ചിരുന്ന അനധികൃത ബോർഡുകൾ നഗരസഭാധികൃതർ നീക്കം ചെയ്തു. കഴിഞ്ഞ നാലാം തിയതിയിലെ ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് നടപടിയെന്ന് നഗരസഭാധികൃതർ വ്യക്തമാക്കി. കൂറ്റൻ ബോർഡുകൾ പലയിടത്തും അപകടകരമായാണ് നിലനിന്നിരുന്നതെന്നും ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിക്ക് നന്ദിയെന്നും നാട്ടുകാർ.
നഗരസഭാ പരിധിയിലെ പാതയോരങ്ങൾ, ഫുട്പാത്തുകൾ, ഹാൻഡ് റെയിലുകൾ, റോഡുകളുടെ സെന്റർ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ തുടങ്ങിയ ഇടങ്ങളിൽ സ്ഥാപിച്ചിരുന്ന കൊടിമരങ്ങൾ, തോരണങ്ങൾ, കൊടിക്കൂറകൾ, പരസ്യ ബോർഡുകൾ എന്നിവയാണ് നീക്കം ചെയ്തത്.
അനധികൃത ബോർഡുകളും ഇതര സാമഗ്രികളും 10 ദിവസത്തിനകം നീക്കം ചെയ്യണമെന്നായിരുന്നു ഹൈക്കോടതിയുട നാലാം തീയതിയിലെ ഉത്തരവ്. അനധികൃത ബോർഡുകൾക്കെതിരേ പിഴ, പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ തുടർന്നുള്ള ദിവസങ്ങളിലും സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.