മലയാള നാടകവേദിയെ അടുത്തറിയേണ്ടത് ഇന്നിന്റെ ആവശ്യം: ആര്‍ട്ടിസ്റ്റ് സുജാതന്‍
1487090
Saturday, December 14, 2024 7:08 AM IST
കോട്ടയം: മലയാളനാടകവേദിയെ അടുത്തറിയേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും പുതിയ തലമുറയെ അതിലേക്ക് നയിക്കുന്നതിന് ഇത്തരം സെമിനാറുകള്‍ സഹായകമാകുമെന്നും ആര്‍ട്ടിസ്റ്റ് സുജാതന്‍.
സിഎംഎസ് കോളജിലെ മലയാള വിഭാഗം കേരള സംഗീത നാടക അക്കാദമി, എംജി സര്‍വകലാശാല എന്നിവരുമായി സഹകരിച്ച് ‘മലയാള നാടകവേദി: ചരിത്രം സംസ്കാരം വര്‍ത്തമാനം’ എന്ന വിഷയത്തില്‍ നടത്തുന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു ശോശന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, ഡോ. റീനു ജേക്കബ്, ഡോ.ടി.എസ്. സരിത, ഡോ. സ്മിതാ ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
നജുമുല് ഷാഹി, ഡോ.എം.എസ്. സുരഭി എന്നിവര്‍ വിഷയാവതരണം നടത്തി. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ലേഖനത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് നേടിയ മലയാളവിഭാഗം ഗവേഷകന് കെ.ആര്. അനൂപിനെയും നാഷണല്‍ ഫെഡറേഷന് ഓഫ് ബ്ലൈൻഡ് കേരള ബ്രാഞ്ച് വേള്‍ഡ് ഓഡിയോ ഡ്രാമാ മത്സരത്തില്‍ രണ്ടാമത്തെ മികച്ച സംവിധായകനായി തെരഞ്ഞെടുത്ത അതുല്‍ കൃഷ്ണയെയും ആദരിച്ചു.