ശാപമോക്ഷമില്ലാതെ കൊല്ലപ്പള്ളി-മേലുകാവ് റോഡ് : അപകടക്കെണിയായി കുഴികൾ
1486766
Friday, December 13, 2024 5:56 AM IST
കൊല്ലപ്പള്ളി: കൊല്ലപ്പള്ളി-മേലുകാവ് റോഡിൽ ചതിക്കുഴികൾകൊണ്ടു നിറയുന്നു. കൊല്ലപ്പള്ളി-മേലുകാവ് റോഡിൽ കൊടുംവളവുകളുള്ള ഭാഗത്തെ കുഴികൾ അപകടക്കെണിയാകുന്നു.
ഈ കുഴികളിൽവീണ് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർക്ക് പരിക്കേൽക്കുക പതിവാണ്.
മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. കൊല്ലപ്പള്ളി കവലയിലെ കുഴികൾ വാഹനങ്ങൾക്ക് ഒരുതരത്തിലും ഒഴിവാക്കി പോകാൻ പറ്റാത്ത സ്ഥലത്താണ്. ഇവിടത്തെ കൊടുംവളവിൽ ഒട്ടേറെ കുഴികളുണ്ട്.
കുഴികള്‍ എന്നു നികത്തും?
പൊതുജനം ചോദിക്കുന്നു, ഈ കുഴികള്‍ എന്നു നികത്തും. കൊല്ലപ്പള്ളി-മേലുകാവ് പിഡബ്ല്യുഡി റോഡിലെ ചതിക്കുഴികളെക്കുറിച്ചാണ് ജനങ്ങളുടെ ആകുലത. നിരവധി ചതിക്കുഴികളാണ് റോഡില്‍ രൂപപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് ഒരാഴ്ച മുമ്പ് കുറെ കുഴികള്‍ മൂടിയിരുന്നു. എന്നാല്‍ ഏതാനും കുഴികള്‍ അവഗണിക്കപ്പെട്ടു. ഈ കുഴികളില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി.
കൊടുമ്പിടി ജംഗ്ഷനിലെ വളവില്‍ വാഹനങ്ങള്‍ക്ക് ഒരു തരത്തിലും വെട്ടിച്ചുമാറ്റാവുന്ന അവസ്ഥയിലല്ല കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. കൊടുമ്പിടി റേഷന്‍കടയ്ക്കു മുന്നിലെ അവസ്ഥയും ചെറുതല്ല.
കുഴികളില്‍ വീഴാതെ വാഹനങ്ങള്‍ വെട്ടിക്കുന്നത് അപകടത്തിന് കാരണമാകുന്നു. കഴിഞ്ഞ ദിവസം റേഷന്‍ കടയ്ക്കു മുമ്പില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആഴ്ചകള്‍ക്ക് മുമ്പു കുഴികളില്‍ വീണ് ഇരുചക്രവാഹന യാത്രക്കാര്‍ക്കു പരിക്കേറ്റിരുന്നു.
അടുത്ത നാളില്‍ മൂടിയ കുഴികള്‍ പലതും വീണ്ടും പഴയ അവസ്ഥയിലേക്കു തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. അടിയന്തരമായി മുഴുവന്‍ കുഴികളും നികത്തി അപകടം ഒഴിവാക്കണമെന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡ്
കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏറെ പ്രാധാന്യമുള്ള റോഡാണ് തകർന്നു കിടക്കുന്നത്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികൾക്കും റോഡിലെ ചതിക്കുഴികൾ ഭീഷണിയാണ്.
കവലവഴിമുക്ക്, പുളിഞ്ചുവട് കവല, എസ് വളവ്, കൊടുമ്പിടി ടൗൺ, താബോർ, ജിയോവാലി പള്ളി, ഈറ്റോലി വളവ്, കുറുമണ്ണ് കുളം എന്നിവിടങ്ങളിലെല്ലാം രൂപപ്പെട്ടിരിക്കുന്ന ഗർത്തങ്ങൾ വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ ഭീഷണി ഉയർത്തുകയാണ്. കുഴികളിൽ വീണ് വാഹനങ്ങൾ തകരാറിലാകുന്നത് പതിവായിട്ടുണ്ട്.
ഹൈറേഞ്ച് പ്രദേശത്തുനിന്ന് പാലാ, കോട്ടയം പ്രദേശങ്ങളിലെ മികച്ച ചികിത്സാ സൗകര്യമുള്ള ആശുപത്രികളിലേക്കു രോഗികളുമായി ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ എത്തുന്നത് ഈ റോഡിലൂടെയാണ്.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയെങ്കിലും മണ്ണും മക്കുമിട്ടുള്ള കുഴിയടയ്ക്കൽ പ്രഹസനമെങ്കിലും അധികൃതർ നടത്തിയിരുന്നെങ്കിൽ ജനത്തിന ു സമാധാനമാകുമായിരുന്നു.