കായലോരത്തെ ശുചിമുറി സമുച്ചയത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ
1486826
Friday, December 13, 2024 7:36 AM IST
വൈക്കം: വൈക്കം കായലോരത്ത് കുട്ടികളുടെ പാർക്കിന് സമീപത്തായി നഗരസഭ ശുചിത്വമിഷന്റെ ധനസഹായത്തോടെ നിർമിക്കുന്ന ശുചിമുറി സമുച്ചയത്തന്റെ നിർമാണം അവസാന ഘട്ടത്തിൽ.
ശുചിമുറി സമുച്ചയത്തിൽ സ്ത്രീകൾക്കായി മൂന്നും പുരുഷൻമാർക്കായി രണ്ടു ശുചിമുറികളും ഫീഡിംഗ് റൂം , വിശ്രമമുറിയടക്കം 16 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമിക്കുന്നത്. അടുത്ത മാസം ഇതിന്റെ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ് എന്നിവർ പറഞ്ഞു. വൈക്കം -തവണക്കടവ് ഫെറിയിലൂടെ ദിനംപ്രതി 6000ത്തോളം പേർ യാത്ര ചെയ്യുന്നുണ്ട്.
നഗരത്തിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യം നിറവേറ്റാൻ മതിയായ സൗകര്യമൊരുക്കണമെന്ന ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണിപ്പോൾ നിറവേറുന്നത്. വൈക്കം കിഴക്കേനടയിൽ ദളവാക്കുളം ബസ് ടെർമിനലിലും വൈക്കം ഫയർ സ്റ്റേഷനിലും ശുചിത്വ മിഷന്റെ സഹകരണത്തോടെ ശുചിമുറികൾ നിർമിച്ചു കഴിഞ്ഞു.
കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽ നിർമിക്കുന്ന ശുചിമുറികളുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. വൈകുന്നേരങ്ങളിൽ നൂറുകണക്കിനാളുകളെത്തുന്ന വൈക്കം കായലോര ബീച്ചിൽ വിപുലമായ സൗകര്യത്തോടെ ശുചിമുറി സമുച്ചയം നിർമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് വൈസ് ചെയർമാൻ പി.ടി.സുഭാഷ് പറഞ്ഞു.