അസ്തമയം കാണാന്‍ മലരിക്കലിലേക്കു വരൂ..
1487094
Saturday, December 14, 2024 7:08 AM IST
കോട്ടയം: ആമ്പലുകള്‍ വസന്തം തീര്‍ക്കുന്ന മലരിക്കലില്‍ ഇനി അസ്തമയ കാഴ്ച കാണാം. മലരിക്കല്‍ ടൂറിസം മേളയോടനുബന്ധിച്ചാണ് അസ്തമയ കാഴ്ച കാണാന്‍ വ്യൂ പോയിന്റ് ഒരുക്കുന്നത്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ നടക്കുന്ന മലരിക്കല്‍ ആമ്പല്‍ വസന്തം കാഴ്ചയുടെ നവ്യാനുഭവമാണ് സമ്മാനിക്കുന്നത്. അതുപോലെ പച്ചവിരിച്ച നെല്‍പാടത്തിനു മേല്‍ മനോഹരമായ ഒരസ്തമയക്കാഴ്ച കാണാനാണ് മലരിക്കല്‍ ടൂറിസം മേളയില്‍ അവസരം.
21 മുതല്‍ 23 വരെയാണ് മലരിക്കല്‍ ടൂറിസം മേള. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീപുനഃസംയോജന പദ്ധതിയുടെ ഭാഗമായി മലരിക്കല്‍ ടൂറിസം സൊസൈറ്റിയും തിരുവാര്‍പ്പ് പഞ്ചായത്തും ജില്ലാ പഞ്ചായത്തും കാഞ്ഞിരം -തിരുവാര്‍പ്പ് സര്‍വീസ് സഹകരണ ബാങ്കുകളും ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങളിലെ കര്‍ഷക സമിതികളും തിരുവാര്‍പ്പ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ചേര്‍ന്നാണു് ടൂറിസം മേള സംഘടിപ്പിക്കുന്നത് .
21നു കലാമേളയുടെ ഉദ്ഘാടനം ചലച്ചിത്രതാരം അനൂപ് ചന്ദ്രന് നിര്‍വഹിക്കും. 22നു ടൂറിസം മേളയുടെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. നാടകം, ഗാനസന്ധ്യ, നാടന്‍പാട്ട്,
വിവിധ നൃത്തങ്ങള്‍ തുടങ്ങി വിവിധ കലാപരിപാടികളും മേളയിലുണ്ടാകും. 23നു സമാപന സമ്മേളനം ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. മലരിക്കല്‍ പ്രദേശത്തിനാകെ വികസന വെളിച്ചം പടര്‍ത്തി ടൂറിസം റോഡിന്റെ നിര്‍മാണം അതിവേഗം പൂര്‍ത്തിയാകുകയാണ്. ഇത് സഞ്ചാരികള്‍ക്കു കൂടുതല്‍ സൗകര്യപ്രദമാകും.
മേളയുടെ മുന്നോടിയായുള്ള തിരനോട്ടം ഇന്നലെ വൈകുന്നേരം അസ്തമയ കാഴ്ചയുടെ വ്യൂപോയിന്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമീണ ടൂറിസം മേളയുടെ ഭാഗമായി ജലയാത്രയ്ക്ക് സൗകര്യം ഉണ്ടായിരിക്കും.
വയല്‍ നടത്തം ഉള്‍പ്പെടെ ടൂറിസംആകര്ഷണങ്ങളും ഭക്ഷ്യമേളയുമുണ്ട്. സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയന് കെ. മേനോന് നിര്‍വഹിച്ചു. വി. കെ. ഷാജിമോന്‍ അധ്യക്ഷത വഹിച്ചു.