ജനറല്‍ ആശുപത്രിക്ക് സര്‍ക്കാര്‍ കൈത്താങ്ങാകണം: മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍
1486974
Saturday, December 14, 2024 5:27 AM IST
പാലാ: കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പിന്റെ സമഗ്ര ഇടപെടല്‍ ഉണ്ടാവണമെന്ന് നഗരസഭാ ചെയര്‍മാനും ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഷാജു തുരുത്തേല്‍ മീനച്ചില്‍ താലൂക്ക് പരാതി പരിഹാര അദാലത്തില്‍ മന്ത്രിമാരായ റോഷി അഗസ്റ്റിനോടും വി.എന്‍. വാസവനോടും അഭ്യര്‍ഥിച്ചു.
വിവിധ ചികിത്സാ വിഭാഗങ്ങളിലെ മാറ്റപ്പെട്ട ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ നിയമന നടപടികള്‍ ഉണ്ടാകണം. പകരം ക്രമീകരണം ഏര്‍പ്പെടുത്താതെയാണ് ഡോക്ടര്‍മാരെ സ്ഥലം മാറ്റുന്നത്. ആശുപത്രിയില്‍ എത്തുന്ന രോഗികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞയ്ക്കേണ്ടതായ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതുണ്ട്.
ആധുനിക രോഗനിര്‍ണയ ഉപകരണങ്ങള്‍ അനുവദിക്കണമെന്നും ചെയര്മാന് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയില്‍ മുടങ്ങാതെ വൈദ്യുതി ലഭിക്കുന്നതിന് സത്വര നടപടികള്‍ ഉണ്ടാകണമെന്നും ചെയര്‍മാനും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ആവശ്യമുന്നയിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ ലീന സണ്ണി, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു പാലൂപ്പടവന്, ജയ്സണ്‍ മാന്തോട്ടം, പീറ്റര്‍ പന്തലാനി എന്നിവരും നഗരസഭാ ചെയര്‍മാനോടൊപ്പം ആശുപത്രിക്കായുള്ള വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.