വിഷമയമില്ലാത്ത പ്രകൃതികൃഷി ഉത്പന്നങ്ങളും നാടന്‍ വിഭവങ്ങളുമായി "മണ്ണറിവ് -24'
1486829
Friday, December 13, 2024 7:36 AM IST
ചങ്ങനാശേരി: നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് പ്രകൃതികൃഷി രീതിയില്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, വാഴക്കുലകള്‍ തുടങ്ങി കര്‍ഷകള്‍ ഉത്പാദിപ്പിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും ചങ്ങനാശേരി കുരിശുംമൂട് മീഡിയാ വില്ലേജില്‍ ക്രമീകരിച്ച മണ്ണറിവ് -24 പ്രകൃതി കൃഷി കാര്‍ഷിക പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധ നേടി.
കുന്നന്താനം സങ്കേതം ആശ്രമം പലേക്കർ പ്രകൃതികൃഷി കാര്‍ഷിക കൂട്ടായ്മയുടെയും നബാർഡിന്റെയും വാഴപ്പള്ളി കൃഷി ഭവന്റെയും മീഡിയാ വില്ലേജിന്റെയും, സര്ഗക്ഷേത്രയുടെയും ഇത്തിത്താനം ആയുഷ്യായുടെയും സംയുക്താഭിമുഖ്യത്തിലാണ് 14വരെ വ്യത്യസ്തമായ കാര്‍ഷികമേള സംഘടിപ്പിച്ചിരിക്കുന്നത്.
കാര്‍ഷിക ശില്പശാല, പ്രകൃതി കൃഷി പരിചയപ്പെടുത്തല്‍, കാര്‍ഷിക പ്രതിസന്ധികള്‍, കര്‍ഷകരുടെ വെല്ലുവിളികള്‍ എന്നിവ വിശദമായി ചര്‍ച്ച ചെയ്യുകയും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന മേളയാണിത്. മണ്ണിന്റെ പ്രകൃതിദത്തമായ ഗുണങ്ങള്‍ വീണ്ടെടുത്ത് മണ്ണിന്റെ ഘടന മനസിലാക്കി, മണ്ണിരയെ ഉപയോഗിച്ച് ധാതു ലവണങ്ങള്‍ വീണ്ടെടുത്ത് രാസവളങ്ങളും മറ്റ് കീടനാശിനികളും ഉപയോഗിക്കാതെ പരമ്പരാഗതമായ രീതിയിലുള്ള കൃഷിയെ പരിചയപ്പെടുത്തുകയും പ്രചരിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാസവളങ്ങളും രാസ കീടനാശിനികളും ഉപയോഗിക്കാതെ ഉല്പാദിപ്പിച്ച കാര്‍ഷിക ഉത്പന്നങ്ങളുമായി കൃഷിക്കാരോടൊപ്പം കൂനന്താനം സങ്കേതം ആശ്രമം , ഇത്തിത്താനം ആയുഷ്യ ആശ്രമം, മാടപ്പള്ളി അഗ്രി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി എന്നിവരും മേളയില്‍ എത്തിയിട്ടുണ്ട്.
സിമ്പോസിയം ഇന്ന്
ചങ്ങനാശേരി: കൂനന്താനം സങ്കേതം ആശ്രമത്തിന്റെ നേതൃത്വത്തില്‍ മീഡിയാ വില്ലേജില്‍ നടക്കുന്ന സംഘടിപ്പിക്കുന്ന പ്രകൃതി കാര്‍ഷിക മേള "മണ്ണറിവ് -24’ല്‍ പ്രകൃതി കൃഷിയെക്കുറിച്ച് ഇന്ന് രാവിലെ 10ന് സിമ്പോസിയം നടക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ഷാജിയുടെ അധ്യക്ഷതയില്‍ നെല്‍കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്യും.
പി.കെ. കുമാരന് നീലഗിരി, ഏബ്രഹാം ചാക്കോ എന്നിവര്‍ വിഷയാവതരണം നടത്തും. എം.കുര്യന് മോഡറേറ്ററായിരിക്കും.
കാവേരി, കര്പ്പൂരവള്ളിവാഴക്കുലകള് ആകര്‍ഷകം
കുരിശുംമൂട്: ഔഷധ ഗുണമുള്ള കാവേരി വാഴക്കുല, അധികമായി കാണപ്പെടാത്ത ആകാശ വെള്ളരി, കര്പ്പൂരവള്ളി വാഴക്കുല, ചെറുചേമ്പ്, കൂവപ്പൊടി തുടങ്ങിയവയും പ്രകൃതി കൃഷിയിലൂടെ ഉത്പാദിപ്പിച്ച നെല്ല് ഉത്പന്നങ്ങളും പച്ചക്കറികളും മീഡിയ വില്ലേജില്‍ നടക്കുന്ന മണ്ണറിവ് പ്രകൃതി വിഭവങ്ങളുടെ പ്രദര്‍ശന സ്റ്റാളില്‍ വില്പനയ്ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രകൃതി ജീവനത്തെ പ്രോത്സാഹിപ്പിക്കുന്നതും പ്രകൃതികൃഷി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവുപകരാന്‍ സഹായകമായ ചാര്‍ട്ടുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മീഡിയാ വില്ലേജില്‍ പ്രകൃതികൃഷി ശില്പശാലയ്ക്കും വിപണനമേളയ്ക്കും തുടക്കമായി
ചങ്ങനാശേരി: കൂനന്താനം സങ്കേതം ആശ്രമം പ്രകൃതികൃഷി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കുരിശുംമൂട് മീഡിയാ വില്ലേജില്‍ മണ്ണറിവ് 24 പ്രകൃതികൃഷി ശില്പശാലയ്ക്കും വിപണന മേളയ്ക്കും തുടക്കമായി. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
എസ്ബി കോളജ് റിട്ടയേർഡ് വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ജോസഫ് ടിറ്റോ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് കോട്ടയം ഡിഡിഎം റെജി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി.
വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ എക്സിബിഷനും മീഡിയാ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍ വിപണനമേളയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് ആന്റണി കാര്‍ഷിക ശില്പശാലയും ഉദ്ഘാടനം ചെയ്തു.
സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ സന്ദേശം നല്കി.
തുടര്‍ന്ന് പ്രഫ. ജോസഫ് ടിറ്റോ സെമിനാര്‍ നയിച്ചു. തോമസ് ജെ. മാന്തറ, ഇ.ജെ. ജോസഫ് ഇളപ്പുങ്കല്‍, തോമസ് വര്‍ഗീസ്, ജോയല്‍ കാട്ടടി, കെ. ബാബു മോഹനന്, എ.എച്ച്. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.