പുതുക്കാട് കൈപ്പുഴാക്കല്‍ പാടശേഖരത്തില്‍ മടവീഴ്ച : വിതച്ച് 22 ദിവസം പിന്നിട്ട 270 ഏക്കറിലെ നെല്‍കൃഷി വെള്ളത്തിൽ
1487102
Saturday, December 14, 2024 7:17 AM IST
ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിലെ പൂവം നക്രാപുതുവലിലെ പുതുക്കാട് കൈപ്പുഴാക്കല്‍ പാടശേഖരത്തില്‍ മടവീണു. 270 ഏക്കര്‍ നെല്‍കൃഷി വെള്ളത്തിലായി. 22 ദിവസം വളര്‍ച്ചയെത്തിയ നെല്‍ച്ചെടികളാണ് നശിച്ചത്. ആദ്യഘട്ട വളപ്രയോഗത്തിന് കര്‍ഷകര്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മടവീഴ്ച സംഭവിച്ചത്. പായിപ്പാട് കൃഷി ഭവന്റെയും പെരിങ്ങര കൃഷിഭവന്റെയും പരിധിയിലുള്ള പാടശേഖരത്താണ് മടവീഴ്ചയുണ്ടായത്.
മണ്ണ് നിറച്ച ചാക്കുകള്‍ നിരത്തിയും പലകകള്‍ അടുക്കിയും കര്‍ഷകരും തൊഴിലാളികളും ചേര്‍ന്ന് മട അടയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വെള്ളം ഇരച്ചുകയരുന്നത് തടയാനായില്ല. തുടര്‍ന്ന് ഹിറ്റാച്ചി എത്തിച്ച് മട കെട്ടുന്നതിനുള്ള ശ്രമങ്ങള്‍ ഇന്നലെ വൈകിയും തുടരുകയാണ്. മടകുത്താന്‍ തന്നെ രണ്ടുലക്ഷത്തോളം രൂപയും വിത്തിനു വേറെയും പണം കണ്ടെത്തേണ്ടിവരുമെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു. ബണ്ടുകളുടെ ബലക്ഷയമാണ് മടവീഴ്ചയ്ക്ക് കാരണമെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാരം ഉടന്‍ നല്‍കണം
പൂവം: മടവീണ കൈപ്പുഴാക്കല്‍ പാടശേഖരം നെല്‍കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി, സാം ഈപ്പന്, പി.പി. സേവ്യര്‍, ജോയി അടിവാക്കല്‍, ഓമനക്കുട്ടന്, വിനോദ് കോവൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. മട വീഴ്ചയ്ക്കുള്ള നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സമിതി രക്ഷാധികാരി വി.ജെ. ലാലി ആവശ്യപ്പെട്ടു.