വരും, വരാതെയിരിക്കില്ല : ഓഫീസുകൾ വരുന്നതും കാത്ത് മിനി സിവിൽ സ്റ്റേഷൻ
1486971
Saturday, December 14, 2024 5:27 AM IST
പാലാ: സർക്കാർ ഓഫീസുകളെ കാത്തിരിക്കുകയാണ് നെല്ലിയാനിയിൽ കോടികൾ മുടക്കി നിർമിച്ച മിനി സിവിൽ സ്റ്റേഷൻ അനക്സ്. നിർമാണം പൂർത്തിയാക്കിയിട്ടും ഒരു സർക്കാർ സ്ഥാപനം പോലും ഇങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ല. സർക്കാരിനും സർക്കാർ സംവിധാനങ്ങൾക്കും വാടകക്കെട്ടിടത്തിലിരിക്കുന്നതാണ് താത്പര്യം.
ഈ സ്ഥാപനങ്ങളെല്ലാം ഒരു കുടക്കീഴിലെത്തിക്കാനുള്ള ശ്രമമെല്ലാം പാളിയിരിക്കുകയാണ്. പരാതികൾ പലരും കൊടുത്തു. സംഘടനകൾ ധർണ നടത്തുകയും പരാതികൾ നൽകുകയും ചെയ്തു. എന്നിട്ടും യാതൊരു പ്രയോജനവുണ്ടായിട്ടില്ല. നിലവിൽ തുറന്നു കൊടുക്കാൻ ജില്ലാ കളക്ടറോട് നിർദേശിച്ചിരിക്കുകയാണ് മന്ത്രി റോഷി അഗസ്റ്റിൻ.
മന്ത്രി ഇടപെടുന്നു
മീനച്ചില്‍ താലൂക്ക് മിനി സിവില്‍ സ്റ്റേഷന് അനക്സിനായി നെല്ലിയാനിയില്‍ നിര്‍മിച്ച കെട്ടിടം തുറക്കാന്‍ മന്ത്രിയുടെ നിര്‍ദേശം. ഈ കെട്ടിടത്തിലേക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ എത്രയും വേഗം മാറ്റി സ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുന്നതിനു മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ കളക്ടര്‍ക്കു നിര്‍ദ്ദേശം നല്കി.
വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍മിച്ച കെട്ടിടത്തിലേക്കു മാറ്റേണ്ടതായ സര്‍ക്കാര്‍ ഓഫീസുകള്‍ നാളിതുവരെയായിട്ടും ഇവിടെ പ്രവര്‍ത്തിപ്പിക്കുവാന്‍ തയാറാവാത്തതു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജയ്സണ്‍ മാന്തോട്ടമാണ് പാലായില്‍ നടന്ന അദാലത്തില്‍ പരാതി നല്‍കിയത്.അനക്സ് കെട്ടിടവും പ്രദേശവും കാടുപിടിച്ചു നശിക്കുന്നതായി പരാതിയില്‍ പറയുന്നു.
ഇതേത്തുടര്‍ന്നു കെട്ടിടത്തില്‍ എത്രയും വേഗം വൈദ്യുതിയും വെള്ളവും ഉറപ്പുവരുത്തുന്നതിനു മീനച്ചില്‍ തഹസില്‍ദാർക്കും കെഎസ്ഇബി, വാട്ടര്‍ അഥോറിട്ടി വകുപ്പുകള്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. വൈദ്യുതി കണക്ഷനായുള്ള അപേക്ഷ സമര്‍പ്പിക്കുമെന്നു തഹസില്‍ദാര്‍ അറിയിച്ചു.
സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്ന റവന്യു ഓഫീസുകളും പാലാ സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുമാണ് അനക്സ് കെട്ടിടത്തിലേക്കു മാറ്റപ്പെടേണ്ടത്. വിസ്തൃതമായ വാഹന പാര്‍ക്കിംഗ് സൗകര്യത്തോടു കൂടിയുള്ള കോമ്പൗണ്ടാണ് ഇവിടെയുള്ളത്.
ഒരു കുടക്കീഴിൽ
നഗരഹൃദയത്തിലെ മിനി സിവിൽ സ്റ്റേഷനിൽ ഉൾപ്പെടുത്താത്ത ഓഫീസുകൾ ഒരു കുടക്കീഴിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പണി ആരംഭിച്ച അനക്സ് കെട്ടിടത്തിലേക്കാണ് സർക്കാർ ഓഫീസുകൾ മാറ്റേണ്ടത്. പാലാ-വൈക്കം റോഡിൽ നെല്ലിയാനിയിൽ തിരക്കു കുറഞ്ഞതും വിസ്തൃതമായ പാർക്കിംഗ് സൗകര്യത്തോടുകൂടിയതുമായ ഒരേക്കർ സ്ഥലത്താണ് മൂന്നു നിലകളോടുകൂടിയ മന്ദിരം നിർമാണം ആരംഭിച്ചത്. മൂന്നു നിലകളിലായി വിഭാവനം ചെയ്തിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിന്റെ കൈവശത്തിലിരുന്ന ഭൂമി വിട്ടുകിട്ടുന്നതിനും ഇവിടെ പ്രവർത്തിച്ചിരുന്ന സർക്കാർ അച്ചടിസ്ഥാപനം മാറ്റുന്നതിനുമുണ്ടായ കാലതാമസം മൂലം നിർമാണം ആരംഭിക്കുന്നത് വൈകിയിരുന്നു.
നിരവധി സർക്കാർ ഓഫീസുകളാണ് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. അടഞ്ഞുകിടക്കുന്ന നിലവിലെ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുന്നു. തെരുവുനായ്ക്കൾ കെട്ടിടത്തിന്റെ പരിസരത്ത് വിഹരിക്കുന്നതും നാട്ടുകാർക്ക് ഭീഷണിയാണ്.