തിടനാട് പള്ളിയിൽ സമ്പൂർണ ബൈബിൾ വായനായജ്ഞം
1486979
Saturday, December 14, 2024 5:35 AM IST
തിടനാട്: ഇടവക സ്ഥാപനത്തിന്റെ 160-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സമ്പൂർണ ബൈബിൾ അരമണിക്കൂറിൽ വായിച്ച് പൂർത്തിയാക്കാനുള്ള തയാറെടുപ്പിൽ തിടനാട് ഇടവക. എകെസിസി, മാതൃവേദി, മിഷൻലീഗ്, എസ്എംവൈഎം, പ്രാർഥനാഗ്രൂപ്പ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ദേവാലയത്തിലാണ് വായന.
മുന്നൊരുക്കത്തോടുകൂടി എത്തിച്ചേരുന്ന 200 ഇടവകാഗംങ്ങൾ ചേർന്ന് അരമണിക്കൂറിനുള്ളിൽ ബൈബിൾ വായന പൂർത്തിയാക്കും. ബൈബിൾ വായനായജ്ഞത്തിന് വികാരി ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ, അസിസ്റ്റന്റ് വികാരി ഫാ. മനു പന്തമാക്കൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സാജു വെട്ടിക്കൽ, കൈക്കാരന്മാരായ കുര്യൻ തെക്കുംചേരിക്കുന്നേൽ, സാബു തെള്ളിയിൽ, സജി പ്ലാത്തോട്ടം, മാത്തച്ചൻ കഴിത്തോട്ട് എന്നിവർ നേതൃത്വം നൽകും.
വാർഷികാഘോഷത്തിന്റെ ഭാഗമായി ബൈബിൾ വായനായജ്ഞത്തിനു പുറമേ മേരീനാമധാരി സംഗമം, ജോസഫ് നാമധാരീ സംഗമം, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കുന്ന ധ്യാനം, ഭവനംതോറുമുള്ള കഴുന്ന് പ്രദക്ഷിണം, പുതിയ കുരിശടിയുടെ സ്ഥാപനം,
ബൈബിൾ പകർത്തിയെഴുതൽ തുടങ്ങി നിരവധി പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. വാസയോഗ്യമല്ലാത്ത ഭവനങ്ങളില്ലാത്ത ഇടവകയെന്ന സ്വപ്ന പദ്ധതി പൂർത്തിയാക്കാനുള്ള നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.