ലഹരി ഉപയോഗ വര്‍ധന: പള്ളിക്കത്തോട് പഞ്ചായത്തില്‍ സര്‍വകക്ഷിയോഗം നടത്തി
1486968
Saturday, December 14, 2024 5:27 AM IST
പള്ളിക്കത്തോട്: ലഹരിമരുന്നിന്റെ ഉപയോഗം പുതു തലമുറയില്‍ വര്‍ധിച്ചുവരുന്നതിനെതിരേ പള്ളിക്കത്തോട് പഞ്ചായത്തില്‍ എക്സൈസ്, പോലീസ്, വിവിധ രാഷ്ട്രീയ കക്ഷികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, സ്കൂള്‍ പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷത വഹിച്ചു. ലഹരി ഉപയോഗത്തിനെതിരേ സ്കൂളികളില്‍ കുട്ടുകള്‍ക്കും മാതാപിതാക്കള്‍ക്കും വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും പോലീസ്, എക്സൈസ് എന്നിവരുമായി ചേര്‍ന്ന് വാര്‍ഡുകളില്‍ ജാഗ്രതാ സമിതി രൂപീകരിക്കുന്നതിനും തീരുമാനിച്ചു.
ലഹരി ഉപയോഗം കണ്ടെത്തുന്നതിനും നിരോധിത ലഹരി ഉത്പന്നങ്ങളുടെ വില്പന തടയുന്നതിനുമായി പോലീസ്, എക്സൈസ് വകുപ്പിനെ സഹായിക്കാന്‍ ജാഗ്രതാസമിതി ഊര്‍ജിതമാക്കുന്നതിനും നൈറ്റ് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു.