തൃക്കാര്‍ത്തിക പ്രഭയില്‍ കുമാരനല്ലൂര്‍
1487092
Saturday, December 14, 2024 7:08 AM IST
കോട്ടയം: വൃശ്ചികരാവിന്‍ പ്രഭ ചൊരിഞ്ഞ് എണ്ണവിളക്കുകളിലും മണ്‍ചെരാതുകളിലും തൃക്കാര്‍ത്തിക ദീപങ്ങള്‍ തെളിഞ്ഞതോടെ കുമാരനല്ലൂരും സമീപ പ്രദേശങ്ങളും ദീപപ്രഭയില്‍ പ്രകാശിതമായി. ഇന്നലെ രാവിലെ കാര്ത്തികദര്ശനം നടത്തിയ ഭക്തര്‍ വൈകുന്നേരം നാടാകെ കാർത്തികദീപങ്ങള്‍ തെളിച്ച് തൃക്കാര്‍ത്തിക ദേശവിളക്ക് എഴുന്നള്ളിപ്പിനും ഒപ്പം കൂടി.
ഇന്നലെ പുലര്‍ച്ചെ 2.30ന് ആരംഭിച്ച തൃക്കാര്‍ത്തിക ദർശനം ഉച്ചവരെ നീണ്ടു. ദേവീവിലാസം എൽപി സ്കൂളിൽ നടന്ന പ്രസാദമൂട്ടിലും ആയിരങ്ങള്‍ പങ്കെടുത്തു. രാവിലെ പത്തിന് ആരംഭിച്ച പ്രസാദമൂട്ട് ഉച്ചകഴിഞ്ഞ് മൂന്നുവരെ നീണ്ടു. സന്ധ്യക്കു കിഴക്കേ ഗോപുരവഴിയിലെ നടപ്പന്തലിൽ നിരനിരയായി എണ്ണവിളക്കുകളും തട്ടുവിളക്കുകളും മണ്‍ചെരാതുകളും മിഴിതുറന്നു. കുമാരനല്ലൂരമ്പലത്തിന്റെ കീഴൂട്ട് ക്ഷേത്രങ്ങളിലും ദേശവാസികൾ കാർത്തികവിളക്ക് തെളിച്ചു. ഇന്നലെ പകലും രാത്രിയിലും തിരുവരങ്ങില്‍ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.
ആറാട്ടു ദിനമായ ഇന്നു വൈകുന്നേരം അഞ്ചിനു ശേഷമാണ് അമ്പലത്തില്‍നിന്നും ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ് ആരംഭിക്കുക. കുമാരനല്ലൂര്‍ കവല, സംക്രാന്തി, സൂര്യകാലടി, പുത്തേട്ട് വഴി ഇടത്തിൽ മണപ്പുറത്ത് എത്തും. ആറാട്ടിനു ശേഷം തിരികെ പുത്തേട്ട്, ചവിട്ടുവരി, കുമാരനല്ലൂർ കവലവഴി കിഴക്കേ ആലിൻചുവട്ടിൽ എത്തും. ഞായറാഴ്ച വെളുപ്പിനെയാണ് കൊടിയിറക്ക്. ഇതോടെ ഒമ്പതു ദിവസത്തെ ഉത്സവത്തിനു സമാപനമാകും.