ഉപതെരഞ്ഞെടുപ്പ്: അതിരമ്പുഴയിൽ എൽഡിഎഫിന് അട്ടിമറി വിജയം
1486521
Thursday, December 12, 2024 7:04 AM IST
അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കുത്തക സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. മൂന്നാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് -എമ്മിലെ ടി.ഡി. മാത്യു (ജോയി തോട്ടനാനി) 216 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കോൺഗ്രസിലെ ജോൺ ജോർജ് (രാജു കളരിക്കൽ) ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി. ബിജെപിയിലെ ഷാജി ജോൺ പാറശേരിൽ, വി.എം. ജോൺ വലിയപറമ്പിൽ (സ്വതന്ത്രൻ) എന്നിവരും സ്ഥാനാർഥികളായിരുന്നു. ടി.ഡി. മാത്യുവിന് 551ഉം ജോൺ ജോർജിന് 335 ഉം ഷാജി ജോൺ പാറശേരിക്ക് 25 ഉം വി.എം. ജോൺ വലിയപറമ്പിലിന് 33 ഉം വോട്ടുകളാണ് ലഭിച്ചത്.
അതിരമ്പുഴ പഞ്ചായത്തിൽ യുഡിഎഫിന്റെ ഉറച്ച കോട്ടകളിൽ ഒന്നാണ് ഐടിഐ വാർഡ്. കേരള കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചുവന്ന വാർഡിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആണ് മത്സരിച്ചത്. 2005ൽ എൽഡിഎഫ് സ്വതന്ത്രയായി മത്സരിച്ച ലിസി ജോൺ വിജയിച്ചതു മാത്രമാണ് വാർഡിൽ ഇതിനു മുമ്പുള്ള എൽഡിഎഫ് വിജയം.
മുൻ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ സജി തടത്തിൽ രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ രതീഷ് രത്നാകരനായിരുന്നു സജി തടത്തിലിന്റെ എതിർ സ്ഥാനാർഥി. വാർഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തത്.
ഭരണത്തെ ബാധിക്കില്ല
പഞ്ചായത്ത് കമ്മിറ്റിയിൽ യുഡിഎഫിന് വൻ ഭൂരിപക്ഷം ഉള്ളതിനാൽ ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കില്ല. 22 അംഗ കമ്മിറ്റിയിൽ കോൺഗ്രസ്-10, കേരള കോൺഗ്രസ് അഞ്ച്, കേരള കോൺഗ്രസ് എം- മൂന്ന്, സിപിഎം-രണ്ട്, സ്വതന്ത്രർ-രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഉപതെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിന്റെ അംഗബലം 10ൽ നിന്ന് ഒമ്പതായി കുറഞ്ഞപ്പോൾ കേരള കോൺഗ്രസ് എമ്മിന്റേതു മൂന്നിൽനിന്ന് നാലായി വർധിച്ചു. യുഡിഎഫിന് 14ഉം എൽഡിഎഫിന് ആറും അംഗങ്ങളാണ് ഇനി ഉണ്ടാകുക.
കേരള കോൺ-എമ്മിന് അഭിമാനനിമിഷം
കേരള കോൺഗ്രസിന്റെ ശക്തികേന്ദ്രമായ അതിരമ്പുഴയിൽ കേരള കോൺഗ്രസ് എം നേടിയത് അഭിമാന വിജയമാണെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ, മണ്ഡലം പ്രസിഡന്റ ജോഷി ഇലഞ്ഞിയിൽ എന്നിവർ പറഞ്ഞു.
വിജയാഹ്ലാദ പ്രകടനം നടത്തി
ജോയി തോട്ടനാനിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. പഞ്ചായത്ത് ഓഫീസിൽനിന്നു വിജയിച്ച സ്ഥാനാർഥിയുമായി പള്ളിമൈതാനം ജംഗ്ഷനിൽ എത്തിയ പ്രവർത്തകർ അവിടെനിന്ന് ടൗണിലേക്ക് പ്രകടനമായി നീങ്ങി.
അഭിനന്ദിച്ചു
അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ കേരള കോൺഗ്രസ്-എം സ്ഥാനാർഥി ജോയി തോട്ടനാനിയെ കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, കേരള യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ എന്നിവർ വോട്ടെണ്ണൽ കേന്ദ്രമായിരുന്ന അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലെത്തി ജോയി തോട്ടനാനിയെ അഭിനന്ദിച്ചു.