ലോക ശൗചാലയ ദിനാചരണം നടത്തി
1486465
Thursday, December 12, 2024 6:32 AM IST
കാഞ്ഞിരപ്പള്ളി: ലോക ശൗചാലയ ദിനത്തോടനുബന്ധിച്ച് ശുചിത്വമിഷന്റെ നിര്‍ദേശ പ്രകാരം കാഞ്ഞിരപ്പള്ളി ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന ഏഴ് പഞ്ചായത്തുകളില്‍ നിന്നു തെരഞ്ഞെടുത്ത മികച്ച മൂന്ന് ശൗചാലയങ്ങളുടെ ഉടമകളായ ഗുണഭോക്താക്കളെയും മികച്ച ടേക്ക് എ ബ്രേക്കുകള്‍ നിര്‍മിച്ച രണ്ട് പഞ്ചായത്തുകളെയും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു.
വ്യക്തിഗത ശൗചാലയങ്ങളില്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെ മിനി പൂവത്തുംമൂട്ടില്‍, പാറത്തോട് പഞ്ചായത്തിലെ കെ. മനു ഓടക്കല്‍, മുണ്ടക്കയം പഞ്ചായത്തിലെ മിലു രവീന്ദര്‍ വേങ്ങല്ലൂര്‍ എന്നിവരെയും പൊതുശൗചാലയങ്ങളുടെ (ടേക്ക് എ ബ്രേക്ക്) വിഭാഗത്തില്‍ പാറത്തോട്, എരുമേലി എന്നീ പഞ്ചായത്തുകളെയുമാണ് ആദരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അജിതാ രതീഷ് പുരസ്കാരവിതരണം നടത്തി. മികച്ച ടേക്ക് എ ബ്രേക്കുകൾക്കുള്ള പുരസ്കാരങ്ങള്‍ പാറത്തോട്, എരുമേലി പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെംബര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. വൈസ്പ്രസിഡന്റ് ജോളി മടുക്കക്കുഴി, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍, വൈസ് പ്രസിഡന്റ് സോഫി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഫൈസല്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവര്‍ പ്രസംഗിച്ചു.