നവീകരിച്ച തന്തൈ പെരിയോർ സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന്
1486487
Thursday, December 12, 2024 6:34 AM IST
വൈക്കം: വൈക്കം സത്യഗ്രഹ സമരത്തിൽ നേതൃത്വപരമായ പങ്കുവഹിച്ച തന്തൈ പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കരുടെ വൈക്കം വലിയ കവലയിലെ നവീകരിച്ച പെരിയോർ സ്മാരകത്തിന്റെയും മ്യൂസിയം ലൈബ്രറി എന്നിവയുടെയും ഉദ്ഘാടനവും വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷ സമാപന സമ്മേളനവും ഇന്നു നടക്കും.
ഇന്ന് രാവിലെ 9.30ന് വൈക്കം വലിയകവലയിൽ തന്തൈ പെരിയോർ സ്മാരകത്തിലെ പെരിയോറിന്റെ പ്രതിമയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും പുഷ്പാർച്ചന നടത്തും. തുടർന്ന് തന്തൈ പെരിയോർ സ്മാകത്തിലെ നവീകരിച്ച മ്യൂസിയവും ഗ്രന്ഥശാലയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാടിനു സമർപ്പിക്കും. തുടർന്ന് വൈക്കം കായലോര ബീച്ചിൽ കേരളമുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടക്കുന്ന വൈക്കം സത്യഗ്രഹ സമരശതാബ്ദി സമാപന സമ്മേളനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും.
ദ്രാവിഡ കഴക അധ്യക്ഷൻ കെ. വീരമണി മുഖ്യാതിഥിയായിരിക്കും. തമിഴ്നാട് ചീഫ് സെക്രട്ടറി എൻ. മുരുകാനന്ദം, തമിഴ്നാട് മന്ത്രിമാരായ ദുരൈമുരുകൻ, എ.വി. വേലു, എം.പി. സ്വാമിനാഥൻ, സംസ്ഥാന മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, കെ. ഫ്രാൻസിസ് ജോർജ് എംപി, സി.കെ. ആശ എംഎൽഎ, സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വാർഡ് കൗൺസിലർ രാജശേഖരൻ തുടങ്ങിയവർ സംബന്ധിക്കും.
വൻ സുരക്ഷാ സന്നാഹം
ഇരു മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിക്ക് പോലീസ് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിൽ വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫിന്റെ മേൽനോട്ടത്തിൽ 650 സേനാംഗങ്ങളാണ് സുരക്ഷ ഒരുക്കുന്നത്.
തന്തൈ പെരിയോർ സ്മാരകം സ്ഥിതി ചെയ്യുന്ന വൈക്കം വലിയകവലയും സമ്മേളനം നടക്കുന്ന കായലോര ബീച്ചും കാമറാ നിരീക്ഷണത്തിലായി. ഇന്നലെ രാവിലെ മുതൽ നിരത്തിൽ ഗതാഗത നിയന്ത്രണവും പരിശോധനയും പോലീസ് ആരംഭിച്ചിരുന്നു.
തമിഴ്നാട്ടിൽനിന്ന് 144 ബസുകൾ
തമിഴ്നാട്ടിൽനിന്ന് 144 ബസുകളിൽ ആളെത്തും. അത്ര തന്നെ ബസുകളിൽ കേരള ത്തിൽനിന്നും ആളെത്തും. സമ്മേളന നഗരിയിൽ 20,000 പേർ എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വൈക്കത്തെ വിവിധ കേന്ദ്രങ്ങളിലായി തമിഴ്നാട്ടിൽനിന്നെത്തുന്ന 5,000 പേർക്ക് ഭക്ഷണം തയാറാക്കുന്നുണ്ട്.
കേരളത്തിന്റെയും തമിഴ്നാടിന്റെയും സൗഹൃദത്തിന്റെ ഊഷ്മളത കൂടുതൽ ഉറപ്പിക്കുന്ന തരത്തിൽ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഇരു സംസ്ഥാനത്തെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്നത്.