എരുമേലിയിൽ കരാർ അഴിമതിയെന്ന് പ്രതിപക്ഷം
1486493
Thursday, December 12, 2024 7:04 AM IST
എരുമേലി: കണ്ണൂരിൽ പ്രവർത്തിക്കുന്ന ഏജൻസിക്ക് എരുമേലിയിലെ മാലിന്യങ്ങൾ നൽകുന്നതിന് ടെൻഡർ ഇല്ലാതെയും കൂടിയ നിരക്കിലും കരാർ നൽകിയെന്ന് ആരോപണം. മാലിന്യങ്ങൾ വേർതിരിക്കുന്നതിന് നാട്ടുകാരെ ഒഴിവാക്കി ബംഗാളികളെ നിയമിച്ചെന്നും ആക്ഷേപം. കരാർ നൽകിയതിൽ പഞ്ചായത്ത് ഭരണസമിതി കമ്മീഷൻ വാങ്ങി അഴിമതി നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം പഞ്ചായത്ത് കമ്മിറ്റിയിൽ വിയോജനക്കുറിക്കുകൾ നൽകി. ഒപ്പം വിജിലൻസ് അന്വേഷണത്തിന് പരാതി നൽകുമെന്ന് പ്രതിപക്ഷ അംഗങ്ങൾ അറിയിച്ചു.
പഞ്ചായത്ത് വക എംസിഎഫിൽ നാളുകളായി കൂടിക്കിടന്ന മാലിന്യങ്ങൾ കൊണ്ടുപോകാൻ കണ്ണൂരിലെ ഇല - കംപ്ലീറ്റ് സൊല്യൂഷൻ എന്ന സ്ഥാപനത്തിനാണ് കരാർ നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിനിധികൾ ഏജൻസിയുടെ പ്രവർത്തനം വിശദീകരിക്കുകയും തുടർന്ന് കമ്മിറ്റിക്ക് ശേഷം കരാർ വയ്ക്കുകയായിരുന്നു. എന്നാൽ, അന്നത്തെ കമ്മിറ്റിയിൽ തീരുമാനമാക്കാതെയാണ് കരാറായതെന്നും ടെൻഡർ ക്ഷണിച്ചിട്ടില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ പറയുന്നു.
ഒരു ഏജൻസിയെ മാത്രം വിളിച്ചു കരാർ വച്ചതിന് പിന്നിലുള്ളത് വ്യക്തമായ അഴിമതിയാണ്. കൂടിയ നിരക്ക് ഏജൻസിക്ക് കൊടുക്കാൻ ആണ് കരാർ വ്യവസ്ഥകളെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. ലെഗസി മാലിന്യങ്ങൾക്ക് ഒരു കിലോഗ്രാമിന് എട്ട് രൂപ ഏജൻസിക്കും വേർതിരിച്ചു വച്ചിരിക്കുന്ന പ്ലാസ്റ്റിക് ഏജൻസി വാങ്ങുമ്പോൾ പഞ്ചായത്തിന് കിലോഗ്രാമിന് വെറും മൂന്ന് രൂപയുമാണ് ലഭിക്കുക.
ഇങ്ങനെ ഏജൻസിക്ക് ഉയർന്ന നിരക്കും പഞ്ചായത്തിന് കുറഞ്ഞ നിരക്കുമാണ് കരാർ വ്യവസ്ഥയിൽ ഉള്ളതെന്ന് പ്രതിപക്ഷം പറയുന്നു. മുൻകാലങ്ങളിൽ മാലിന്യങ്ങൾ വേർതിരിക്കുന്നതിന് നാട്ടുകാരെയാണ് നിയമിച്ചിരുന്നതെന്നും ഇത്തവണ ദിവസം 575 രൂപ വേതന നിരക്കിൽ ബംഗാളികളെയാണ് നിയമിച്ചതെന്നും പ്രതിപക്ഷം പറഞ്ഞു. കമ്മിറ്റിയിൽ പ്രതിപക്ഷ അംഗങ്ങളിലെ ഒമ്പത് പേരാണ് വിയോജനക്കുറിപ്പ് നൽകിയത്.
പ്രതിപക്ഷ ആരോപണം തെറ്റെന്ന്
എരുമേലി: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് വി.ഐ. അജി എന്നിവർ അറിയിച്ചു. തികച്ചും സുതാര്യമായാണ് ഭരണസമിതി നടപടികൾ സ്വീകരിച്ചിട്ടുള്ളത്. കണ്ണൂരിൽ പ്രവർത്തിക്കുന്ന ഇല - കംപ്ലീറ്റ് സൊല്യൂഷൻ എന്ന സർക്കാർ അംഗീകൃത ഏജൻസിക്കാണ് നിലവിൽ മാലിന്യങ്ങൾ നൽകാൻ കരാർ ചെയ്തിട്ടുള്ളത്. ഇത് സംബന്ധിച്ച് അജണ്ട വച്ച് പഞ്ചായത്ത് കമ്മിറ്റി ചേർന്ന് തീരുമാനം എടുത്തതാണ്.
ഈ കമ്മിറ്റിയിൽ പ്രതിപക്ഷ അംഗങ്ങൾ എതിർപ്പ് ഉന്നയിച്ചിരുന്നില്ല. ഏജൻസി പ്രതിനിധികൾ ഈ കമ്മിറ്റിയിൽ ക്ഷണിതാക്കളായി പങ്കെടുക്കുകയും കരാർ വ്യവസ്ഥകളും പ്രവർത്തന രീതികളും വിശദീകരിക്കുകയും ചെയ്തതാണ്. പ്രതിപക്ഷ അംഗങ്ങൾ അപ്പോഴൊന്നും വിയോജിപ്പ് ഉണ്ടെന്ന് പറഞ്ഞില്ല. തുടർന്നാണ് കരാർ ഒപ്പിടുകയും എംസിഎഫി ൽ നിന്ന് പാഴ് അജൈവ മാലിന്യങ്ങളുടെ ലോഡ് കൊണ്ടുപോവുകയും ചെയ്തത്. ഇതിന് ശേഷം നടന്ന അടുത്ത പഞ്ചായത്ത് കമ്മിറ്റിയിലാണ് പ്രതിപക്ഷ അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകിയതെന്നും ഇവർ പറഞ്ഞു.