നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ തുറന്നു നല്‍കും
1486515
Thursday, December 12, 2024 7:04 AM IST
കടുത്തുരുത്തി: നിര്‍മാണം പൂര്‍ത്തിയാക്കി കടുത്തുരുത്തി ടൗണ്‍ ബൈപാസ് ഒരു വര്‍ഷത്തിനുള്ളില്‍ തുറന്നു നല്‍കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. ബൈപാസിന്റെ അന്തിമഘട്ട നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമൊപ്പം സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ശേഷമാണ് എംഎല്‍എ ഇക്കാര്യമറിയിച്ചത്.
2008ല്‍ അഞ്ച് കോടി രൂപ അനുവദിച്ചാണ് ബൈപാസിന് തുടക്കം കുറിച്ചത്. 2013 ല്‍ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് ജംഗ്ഷനില്‍ നിന്നും ഐടിസി ജംഗ്ഷനില്‍ നിന്നും തുടക്കം കുറിച്ചു. കോട്ടയം - എറണാകുളം റോഡിന് സമാന്തരമായി യാഥാര്‍ഥ്യമാകുന്ന കടുത്തുരുത്തി ടൗണ്‍ ബൈപാസ് റോഡ് നിര്‍മാണത്തിന്റെ അന്തിമഘട്ട പൂര്‍ത്തീകരണത്തിന് 9.60 കോടി രൂപയുടെ വികസന പദ്ധതിയാണ് നടപ്പാക്കുന്നത്.
കടുത്തുരുത്തി ഐടിസി ജംഗ്ഷന് സമീപത്ത് നിന്നുമാരംഭിച്ചു ബ്ലോക്ക് ജംഗ്ഷനില്‍ അവസാനിക്കുന്ന ടൗണ്‍ ബൈപാസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണമാണ് അന്തിമഘട്ടത്തില്‍ നടപ്പാക്കുന്നത്. പ്രാഥമിക നടപടികളെല്ലാം സജ്ജമാക്കി, ശേഷിക്കുന്ന മുഴുവന്‍ നിര്‍മാണ ജോലികളും ഒരുമിച്ചു പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ബൈപാസിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു 2013 ല്‍ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോക്ക് ജംഗ്ഷനില്‍ നിന്നും ഐടിസി ജംഗ്ഷനില്‍ നിന്നും തുടക്കം കുറിച്ചു. തുടര്‍ന്ന് വലിയപള്ളിക്കും താഴത്തുപള്ളിക്കും സമീപത്തായി ഫ്ളൈ ഓവര്‍ നിര്‍മാണവും ചുള്ളിതോടിന് കുറുകെ പാലത്തിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കി. 2018 ലെ പ്രളയത്തെ തുടര്‍ന്ന് ബൈപാസിന്റെ പ്ലാനില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. ഇതു നിര്‍മാണം നീണ്ടുപോകാനിടയാക്കി.
പ്രളയത്തില്‍ കടുത്തുരുത്തി ടൗണില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വലിയതോടിന് കുറുകെയുള്ള പാലം കൂടുതല്‍ ഉയര്‍ത്തി പണിയുവാന്‍ നിര്‍ദേശമുണ്ടായി. ഇതനുസരിച്ചുള്ള സര്‍ക്കാര്‍ അനുമതി 2021ല്‍ ലഭിച്ച ശേഷമാണ് വലിയതോടിന് കുറുകെയുള്ള പാലം നിര്‍മാണത്തിലേക്ക് കടന്നത്. ഇതെല്ലാം പൂര്‍ത്തിയാക്കി.
ഇനി റോഡ് നിര്‍മാണമാണ് പൂര്‍ത്തിയാക്കാനുള്ളത്. ഫ്ളൈ ഓവര്‍, വലിയതോട്, ചുള്ളിത്തോട് പാലങ്ങള്‍ എന്നിവയുമായി റോഡ് സംയോജിപ്പിച്ചു കൊണ്ടാണ് ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ബ്ലോക്ക് ജംഗ്ഷനില്‍ കൊല്ലാപറമ്പ് ഭാഗത്തേക്കുള്ള വഴിയില്‍ അണ്ടര്‍പാസ് സൗകര്യം ലഭ്യമാക്കും.
ബൈപാസ് പൂര്‍ത്തീകരണം വരെ എല്ലാ മാസവും നിര്‍മാണ പുരോഗതി വിലയിരുത്തും. സിഗ്നല്‍ സംവിധാനവും സുരക്ഷാ നടപടികളും പൂര്‍ത്തിയാക്കിയാകും ബൈപാസ് തുറന്നു നല്‍കുക. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയര്‍ ജോസ് രാജന്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ ആര്.നീത, അസിസ്റ്റന്റ് എൻജിനീയര്‍ രേഷ്മ ജോഷി, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, പഞ്ചായത്തംഗങ്ങളായ സ്റ്റീഫന്‍ പാറാവേലി, നോബി മുണ്ടയ്ക്കന്, ടോമി നിരപ്പേല്‍ തുടങ്ങിയവരും എംഎല്‍എയ്ക്കൊപ്പമുണ്ടായിരുന്നു.