അതിരമ്പുഴയിലെ തോല്‍വി യുഡിഎഫിന് ആഘാതമായി
1486518
Thursday, December 12, 2024 7:04 AM IST
കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പ് നടക്കാന്‍ എട്ടു മാസം മാത്രം ശേഷിക്കെ അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വി യുഡിഎഫിന് ആഘാതമായി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടുപോയതിനു പിന്നാലെ നടന്ന 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അതിരമ്പുഴ പഞ്ചായത്ത് വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് നേടിയിരുന്നു. മാണി വിഭാഗത്തിന്റെ ശക്തിമേഖലയിലും യുഡിഎഫിന് അന്നു നേട്ടമുണ്ടാക്കാനായി.
22 അംഗ പഞ്ചായത്തില്‍ 15 സീറ്റുകള്‍ (കോണ്‍ഗ്രസ് 10, കേരള കോണ്‍ഗ്രസ് ജോസഫ് 5) യുഡിഎഫ് നേടിയിരുന്നു. സ്വതന്ത്രന്റെ പിന്തുണയും യുഡിഎഫിനുണ്ട്. ഇവിടെ വിജയിച്ച കോണ്‍ഗ്രസ് പ്രതിനിധി വിദേശത്തു പോയതിലും വാര്‍ഡിനെ അവഗണിച്ചതിലുമുള്ള ജനവികാരം ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണമായി.
റോഡുകളുടെ ശോച്യാവസ്ഥയും ജനപ്രതിനിധി നാട്ടില്ലാതെ വന്ന സാഹചര്യവും പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും വീഴ്ചയുണ്ടായി. യുഡിഎഫിന് മേല്‍കൈയുള്ള വാര്‍ഡില്‍ ശക്തമായ പ്രചാരണം നടത്തിയിട്ടും മാണി വിഭാഗം സ്ഥാനാര്‍ഥി 216 വോട്ടുകളുടെ വിജയമാണ് നേടിയത്. ഉപതെരഞ്ഞെടുപ്പില്‍ 62 ശതമാനം മാത്രമായിരുന്നു പോളിംഗ്.