തന്തൈ പെരിയോർ സ്മാരകത്തിലെ ഗ്രന്ഥശാല പ്രവർത്തനസജ്ജമായി
1486508
Thursday, December 12, 2024 7:04 AM IST
വൈക്കം: തന്തൈ പെരിയോർ സ്മാരകത്തിലെ ഗ്രന്ഥശാല പ്രവർത്തന സജ്ജമായി. ഇരുനിലയിൽ തീർത്ത ഗ്രന്ഥശാല കെട്ടിടത്തിന്റെ മുകൾനിലയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസാണ് പ്രവർത്തിക്കുക.
ചരിത്ര ഗ്രന്ഥങ്ങളടക്കം 5000 ലധികം പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്. ഉദ്ഘാടനത്തിനു ശേഷം രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതു വരെ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ പ്രവേശനം സൗജന്യമാണ്.
തന്തൈ പെരിയോർ സ്മാരകത്തിൽ ഇന്നലെ രാത്രിയും വൻജനതിരക്ക്
വൈക്കം: നവീകരിച്ച തന്തൈ പെരിയോർ സ്മാരകത്തിന്റെ ഉദ്ഘാടനത്തിനും സത്യഗ്രഹ സമരശതാബ്ദി സമ്മേളന സമാപനത്തിനുമായി ഒരുങ്ങിയ വൈക്കം ക്ഷേത്രനഗരിയിൽ ഇന്നലെ വലിയ ജനതിരക്കാണ് അനുഭവപ്പെട്ടത്.
തമിഴ്നാടിന്റെ ചെറിയ പതിപ്പായി മാറിയ വൈക്കം നഗരത്തിലെ വലിയകവലയിലെ പെരിയോർ സ്മാരകത്തിലും കായലോര ബീച്ചിലെ സമ്മേളന നഗരിയിലും നടക്കുന്ന ഒരുക്കങ്ങൾ കാണാനാണ് ജനം പ്രവഹിച്ചത്. ഇന്ന് രാവിലെ ഇരു സ്ഥലങ്ങളിലും വിഐപി മാർ നിറയുന്നതോടെ ഈ സ്ഥലങ്ങളുടെ അടുത്തെങ്ങും എത്താൻ കഴിയാത്തതിനാൽ കുട്ടികളെയും കൂട്ടി കുടുംബങ്ങളടക്കം നിരവധി പേരാണ് എത്തിയത്.
സമ്മേളന നഗരിയിലെ കൂറ്റൻ പന്തലിന്റെ മുന്നിലും വൈദ്യുത അലങ്കാരങ്ങളിൽ മുങ്ങി വെള്ളിവെളിച്ചത്തിലായ പെരിയോർ സ്മാരകത്തിൽ നിന്നും ഫോട്ടോയെടുക്കാൻ ജനം മത്സരിക്കുകയായിരുന്നു.