സുരക്ഷാ സംവിധാനങ്ങളില്ല; കൊടുകുത്തി ചാമപ്പാറ വളവിൽ അപകടങ്ങൾ വർധിക്കുന്നു
1486494
Thursday, December 12, 2024 7:04 AM IST
മുണ്ടക്കയം: ദേശീയപാത183ൽ കൊടുകുത്തിക്കുസമീപം ചാമപ്പാറ വളവിൽ അപകടങ്ങൾ വർധിക്കുന്നു. തീർഥാടനകാലം ആരംഭിച്ച് ആഴ്ചകൾ പിന്നിടും മുമ്പേ മൂന്ന് അപകടങ്ങളാണ് ഈ കൊടുംവളവിൽ ഉണ്ടായിരിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകരാണ് കൂടുതലും ഇവിടെ അപകടത്തിൽപ്പെടുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ശബരിമല തീർഥാടന വാഹനം നിയന്ത്രണം വിട്ടു റോഡിന്റെ വശത്ത് കൂട്ടിയിട്ടിരുന്ന കൽക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി നിന്നു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. മുന്പും നിരവധി അപകടങ്ങൾ നടന്നിട്ടുള്ള സ്ഥലമാണ് ചാമപ്പാറ വളവ്. അപകടത്തിൽ നിരവധി ജീവനുകളും ഇവിടെ പൊലിഞ്ഞിട്ടുണ്ട്. ഇറക്കമിറങ്ങിവരുന്ന വാഹനങ്ങൾക്ക് കൊടും വളവിൽ നിയന്ത്രണം നഷ്ടമായാണ് അപകടങ്ങൾ ഉണ്ടാകുന്നത്.
എന്നാൽ, മേഖലയിൽ മതിയായ സുരക്ഷാ സംവിധാനം ഒരുക്കുവാൻ അധികാരികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. റോഡിന്റെ വശത്ത് കരിങ്കല്ല് കൂട്ടിയിട്ടാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്ന കല്ലുകളിൽ പലതും വാഹനങ്ങൾ ഇടിച്ചു സമീപത്തെ കുഴിയിലേക്കു പതിച്ചിട്ടുണ്ട്. കൂടാതെ വളവിൽ സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ ബോർഡുകളും വാഹനാപകടത്തിൽ തകർന്നിട്ടുണ്ട്. കൊടും വളവിൽ വർഷങ്ങൾക്കു മുമ്പ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും ആറുമാസം പോലും ഇത് പ്രവർത്തിച്ചില്ല.
ഇപ്പോൾ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ വളവിൽ സംഭവിക്കുന്നത്. എന്നാൽ, അധികാരികൾ ഇതൊന്നും അറിഞ്ഞ ഭാവം നടിക്കുന്നില്ല. വാഹന അപകടങ്ങൾ ഒഴിവാക്കുവാൻ റോഡിന്റെ വശങ്ങളിൽ ക്രാഷ് ബാരിയർ അടക്കമുള്ള സുരക്ഷ സംവിധാനങ്ങളും മതിയായ സിഗ്നൽ സംവിധാനങ്ങളും ഒരുക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.