കോടിമത-മൂപ്പായിക്കാട് റോഡിനു ശാപമോക്ഷം
1486507
Thursday, December 12, 2024 7:04 AM IST
കോട്ടയം: മണിപ്പുഴ-ഈരയില്‍ക്കടവ് ബൈപാസ് റോഡ് നിര്‍മിച്ചപ്പോള്‍ ടോറസ് വാഹനമോടിയും പ്രളയത്തിലും തകര്‍ന്ന കോടിമത-മുപ്പായിക്കാട് റോഡിന് ഒടുവില്‍ ശാപമോഷം. ജില്ലാ ജനറല്‍ ആശുപത്രി വളപ്പിലെ മണ്ണ് ഉപയോഗിച്ചു മുപ്പായി പാടത്തിനു കുറുകെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇന്നു തുടങ്ങും.
എംസി റോഡില്‍നിന്നു മുപ്പായ്ക്കാടിനുള്ള റോഡ് ആരംഭിക്കുന്ന പടിഞ്ഞാറു ഭാഗത്തുനിന്നാണ് ഇന്നു രാവിലെ മുതല്‍ മണ്ണ് ഇറക്കി നിര്‍മാണം തുടങ്ങുക. എട്ട് മീറ്റര്‍ വീതിയില്‍ എംസി റോഡിന്റെ ഉയരത്തിലാകും മണ്ണിട്ട് ഉയര്‍ത്തുക. ഈ ജോലി തീര്‍ന്നാലുടന്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി നിര്‍മിക്കും. ജില്ലാ ആശുപത്രിയിലെ മണ്ണ് നീക്കുന്നതോടെ മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിനു വേണ്ടിയുള്ള പത്ത് നിലകളുള്ള മന്ദിരത്തിന്റെ നിര്‍മാണ തടസവും
നീങ്ങും.
ജില്ലാ ആശുപത്രിയില്‍നിന്നു മണ്ണ് ദൂരെ സ്ഥലത്തേക്കു കൊണ്ടുപോകുവാന്‍ പ്രായോഗിക തടസം വന്നതോടെ കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഈ മണ്ണ് ഉപയോഗിച്ചു കോടിമത - മുപ്പായിക്കാട് റോഡ് പുനരുദ്ധരിക്കുന്നതിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന ആവശ്യം ഉന്നയിക്കുകയും ജില്ലാ വികസന സമിതിയും ജില്ലാ ഭരണകൂടവും അംഗീകരിക്കുകയായിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ എസ്പിവി സംരംഭമായ ഇന്‍കെല്‍ ലിമിറ്റഡിനാണ് ആശുപത്രി നിര്‍മാണത്തിന്റെ ചുമതല.
ജെയ്ന്‍ ബില്‍ഡേഴ്സും എടുഇസഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുമാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. മണ്ണ് നീക്കുന്നതും ഇവര്‍ തന്നെയാണ്. എംസി റോഡിനെയും ബൈപാസ് റോഡിനെയും ഇടയ്ക്കു ബന്ധിപ്പിക്കുന്ന ഈ റോഡ് ഗതാഗതയോഗ്യമാകുന്നതോടെ എംസി റോഡില്‍ കോടിമത ഭാഗത്ത് ഒരു ഗതാഗത തടസമുണ്ടായാല്‍ നഗരത്തിലെക്കു വരാനും പോകുവാനും എളുപ്പമായിരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.