പെരുന്നയില്‍ റോഡുകള്‍ തകര്‍ന്ന് യാത്ര ദുരിതത്തില്‍
1486503
Thursday, December 12, 2024 7:04 AM IST
ചങ്ങനാശേരി: കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയില്‍ എത്തിക്കാത്തതുമൂലം താറുമാറായി കിടക്കുന്നതിനെതിരേ പെരുന്ന കിഴക്ക് മേഖലയിലെ റെസിഡന്റ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് സമരരംഗത്ത്.
വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പെരുന്ന-കിഴക്ക് അക്ഷരനഗര്‍, മൈത്രി, മന്നം നഗര്‍ റെസിഡന്റ്സ് അസോസിയേഷനുകള്‍ സംയുക്തമായി ജോബ് മൈക്കിള്‍ എംഎല്‍എ, ചെയര്‍പേഴ്സണ്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്കി.
റോഡുകള്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ പെരുന്ന മേഖലയിലെ ജനങ്ങളുടെ സഞ്ചാരം ദുരിതമാണെന്ന് അഞ്ഞൂറോളം പ്രദേശവാസികള്‍ ഒപ്പിട്ട പരാതിയില്‍ ചൂണ്ടിക്കാട്ടി. എംസി റോഡും കവിയൂര്‍ റോഡും സന്ധിക്കുന്ന പെരുന്ന രാജേശ്വരി ജംഗ്ഷന്, ബൈപാസ് റോഡ്, മന്നം റോഡ് തുടങ്ങിയ റോഡുകള്‍ കാലങ്ങളായി തകര്‍ന്നുകിടക്കുകയാണ്. ആലപ്പുഴ റോഡില്‍നിന്ന് ബൈപാസിലെത്താന് ഈ രണ്ടു വഴികളാണ് ദൂരയാത്രക്കാര്പോലും ഉപയോഗിക്കന്നത്.
പൈപ്പ് ലൈനിനായി കുഴിയെടുത്തിട്ട് മാസങ്ങളായിട്ടും റോഡ് നന്നാക്കാത്തതു ദുരിതങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാണ്. തിരക്കുള്ള സമയങ്ങളില്‍ സ്കൂള്‍ ബസുകളടക്കം വാഹനങ്ങള്‍ കുരുക്കില്‍പ്പെടുകയാണ്. കുഴിച്ച റോഡുകള്‍ ശരിയായി മൂടാനോ, നിരപ്പാക്കാനോ ഉള്ള സാമാന്യ മര്യാദ പോലും ബന്ധപ്പെട്ട അധികാരികള്‍ ചെയ്തിട്ടില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. ഓട്ടോറിക്ഷകളും ഇതര വാഹനങ്ങളും റോഡിലെ കുഴിയില്‍വീണ് കേടാകുന്നതും നഷ്ടങ്ങള്‍ സംഭവിക്കുന്നതും പതിവാണ്.
വഴിവിളക്കുകള്‍ കണ്ണടച്ചു, തെരുവുനായ്ക്കള്‍ ഭീഷണി
പെരുന്ന, മൈത്രി നഗര്‍ മേഖലകളില്‍ വഴിവിളക്കുകള്‍ കണ്ണടച്ചിട്ടു കാലങ്ങളായി. തെരുവുനായ്ക്കള്‍ നാട്ടുകാര്‍ക്ക് പേടിസ്വപ്നമാണെന്നും അധികാരികള്‍ക്കു നല്കിയ നിവേദനത്തില്‍ ജനകീയ കൂട്ടായ്മ വ്യക്തമാക്കിയിട്ടുണ്ട്.
പെരുന്ന സെന്റ് ആന്റണീസ് പള്ളി മുതല്‍ ശ്രീ ശങ്കര ആശുപത്രി വരെയുളള റോഡും തിരുമല ക്ഷേത്ര റോഡും പൂര്‍ണ തകര്‍ച്ചയിലാണ്. ഇവിടെ ഇളക്കിയ ടൈലുകള്‍ റോഡരികില്‍ അടുക്കിവച്ചിരിക്കുകയാണ്. മന്നം റോഡിന്റെ തുടര്‍ച്ചയായ ഭക്തപ്രിയം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള റോഡ് പൂര്‍ണമായും തകര്‍ന്നിട്ടു കാലങ്ങളായി.