തലനാട്ടിൽ റോഡരികിൽ മാലിന്യം തള്ളി
1486477
Thursday, December 12, 2024 6:33 AM IST
തലനാട് : പഞ്ചായത്ത് പരിധിയില്‍ മാലിന്യം റോഡരികില്‍ തള്ളിയ നിലയില്‍. ചോനമല - ഇല്ലിക്കല്‍ കല്ല് റോഡിലാണ് വാഹനത്തില്‍ എത്തിച്ച മാലിന്യം തള്ളിയത്. പ്ലാസ്റ്റിക് ചാക്കുകള്‍, പൂക്കളുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് ഏറെയും. ഒരു ലോറിയില്‍ കൊള്ളാവുന്നത്ര മാലിന്യമാണ് അരികില്‍ തള്ളിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തി പരിശോധന നടത്തി.
പാലായിലെ ഒരു പൂക്കടയില്‍ നിന്നുള്ള മാലിന്യമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ പിഴ അടപ്പിക്കുന്നതിനൊപ്പം പ്രോസിക്യൂഷന് നടപടികളും സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി സെബാസ്റ്റ്യന്‍ വര്‍ക്കി അറിയിച്ചു. ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കി.
മാലിന്യത്തില്‍ നിന്നു ലഭിച്ച രേഖകള്‍ പ്രകാരം സ്ഥാപനത്തിന്റെ അഡ്രസ് ലഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ലിലേയ്ക്കുള്ള റോഡിൽ ആള്‍താമസമില്ലാത്ത പ്രദേശത്താണ് മാലിന്യം നിക്ഷേപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരനും സ്ഥലത്തെത്തി. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.