മീനച്ചില്‍ - മലങ്കര കുടിവെള്ള പദ്ധതിയിൽ 45 ദശലക്ഷം ലിറ്റര്‍ പ്രതിദിനശേഷിയുള്ള ജലശുദ്ധീകരണശാല
1486483
Thursday, December 12, 2024 6:34 AM IST
പാലാ: ജൽജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മീനച്ചില്‍ - മലങ്കര ശുദ്ധജല വിതരണ പദ്ധതിക്കായി കടനാട് പഞ്ചായത്തിലെ നീലൂരില്‍ നിര്‍മിക്കുന്ന ജല ശുദ്ധീകരണശാലയുടെ നിര്‍മാണോദ്ഘാടനം 14നു വൈകുന്നേരം 5.30നു നീലൂരിലുള്ള സൈറ്റില്‍ മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും. ചടങ്ങില്‍ മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിക്കും. എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ എന്നിവർ പങ്കെടുക്കും.
1243 കോടിയുടെ മീനച്ചില്‍ - മലങ്കര കുടിവെള്ള പദ്ധതിയിലൂടെ മീനച്ചില്‍ താലൂക്കിന്റെ 13 പഞ്ചായത്തുകളിലായി 42230 വീടുകള്‍ക്കു പുതിയതായും നിലവില്‍ കണക്ഷന് ഉള്ളവര്‍ ഉള്‍പ്പെടെ മുഴുവന്‍ ആള്‍ക്കാര്‍ക്കും കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യം.
ഇതിനായുള്ള ജലവിതരണ ശൃംഖലയ്ക്കായി പൈപ്പുകള്‍ സ്ഥാപിച്ചു വരികയാണ്. 2012ല്‍ മീനച്ചില്‍ താലൂക്കിന്റെ ഏതാനും പഞ്ചായത്ത് മേഖലയ്ക്കായി ഭരണാനുമതി നല്‍കിയിരുന്ന പദ്ധതിക്കാണ് നീണ്ട കാത്തിരിപ്പിനുശേഷം കേന്ദ്ര സംസ്ഥാന സംയുക്ത ജൽ ജീവന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപടിയായത്. കെ.എം. മാണി ധനകാര്യ മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് മീനച്ചില്‍ താലൂക്കിലെ കടനാട് പഞ്ചായത്തില്‍ നീലൂരില്‍ പദ്ധതി ആരംഭിക്കുന്നതിന് ഭരണാനുമതി നല്കിയതും ജലസംഭരണിക്കായി ഭൂമി ഏറ്റെടുത്തതും.
ജൽ ജീവന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ വിപുലീകരിച്ചു മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 13 പഞ്ചായത്തുകള്‍ക്കായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ജലവിതരണ ശൃംഖലയ്ക്കായി 2085 കിലോമീറ്റര്‍ പൈപ്പ് ലൈനുകളാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.
154 ജലസംഭണികളും ഇതിനായി വിവിധ ഇടങ്ങളില്‍ സ്ഥാപിക്കുന്നുണ്ട്. കടനാട് ,രാമപുരം, ഭരണങ്ങാനം, മീനച്ചില്‍, തലപ്പുലം, മേലുകാവ്, മൂന്നിലവ്, തലനാട്, തിടനാട് , പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ എന്നീ പഞ്ചായത്തുകള്‍ക്കാണ് ജലജീവന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ഇടുക്കി ജില്ലയിലെ മങ്കര ഡാം റിസര്‍വോയറില്‍ നിന്നു മുട്ടം വില്ലേജിലെ മാത്തപ്പാറയില്‍ അത്യാധുനിക ഫ്ളോട്ടിംഗ് പമ്പ് ഹൗസ് നിര്‍മിച്ചാണ് പദ്ധതിക്കാവശ്യമായ വൈള്ളം ശേഖരിക്കുന്നത്. മുട്ടം വില്ലേജില്‍ വള്ളിപ്പാറയ്ക്കു സമീപം ഒരു ബൂസ്റ്റിംഗ് സ്റ്റേഷന് നിര്‍മിച്ച് ഒരു ഘട്ടം കൂടി ബൂസ്റ്റ് ചെയ്ത് കടനാട് പഞ്ചായത്തിലെ നീലൂരില്‍ സ്ഥാപിക്കുന്ന ജല ശുദ്ധീകരണ ശാലയില്‍ എത്തിക്കും. ഇവിടെ നിന്നു പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ വെട്ടിപറമ്പിനു സമീപം 25 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതലസംഭരണിയിലേക്ക് എത്തും.ഇവിടെ നിന്നുമാണ് പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേകര, കൂട്ടിക്കല്‍, തലനാട്, തിടനാട്, തീക്കോയി പഞ്ചായത്തുകള്‍ക്ക് ജലം ലഭ്യമാകുക. നീലൂര്‍ ശുദ്ധീകരണശാലയില്‍ നിന്നു കടനാട്, രാമപുരം, മേലുകാവ്, മൂന്നിലവ്, ഭരണങ്ങാനം, മീനച്ചില്‍, തലപ്പലം പഞ്ചായത്തുകളിലും ജലം എത്തും.
പദ്ധതിക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ജലവിതരണ ശൃംഖലയ്ക്കായുള്ള പൈപ്പുകളും വിവിധ പഞ്ചായത്തുകളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. മലങ്കര ഡാം റിസര്‍വോയറില്‍ എന്നും ജല ലഭ്യത ഉറപ്പായതിനാല്‍ പദ്ധതിയില്‍നിന്നും മുടക്കമില്ലാതെ ജലം ഉറപ്പുവരുത്തുവാന്‍ കഴിയം. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ജല ശുദ്ധീകരണ പ്രക്രിയയാണ് ഇവിടെ നടപ്പാക്കുക.
അത്യാധുനിക ക്ലാരിഫൈറുകള്‍ വെള്ളം അരിച്ചു പ്രാരംഭ ശുദ്ധീകരണം നടത്തിയ ശേഷം ഫില്‍റ്റര്‍ ബെഡിലൂടെ കടത്തിവിട്ടു പൂര്‍ണമായും തെളിനീരാക്കി ക്ലോറിന്‍ ചേര്‍ത്ത് അണുവിമുക്തമാക്കിയ ശേഷമാണു വിതരണത്തിന് തയാറാവുന്നത്. കംപ്യൂട്ടര്‍ അധിഷ്ഠിത സാങ്കേതിക വിദ്യയിലൂടെ ജല വിതരണം,വാല്‍വുകളുടെ നിയന്ത്രണം എന്നിവ കുറ്റമറ്റതാക്കുക എന്നതും ലക്ഷ്യമിടുന്നു.
ജല അഥോറിറ്റി നാളിതുവരെ നടപ്പിലാക്കിയിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ പ്രൊജക്ടാണ് 1243 കോടിയുടെ മലങ്കര മീനച്ചില്‍ ജൽ ജീവന് പദ്ധതി.