ആശുപത്രിയിൽ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പോലീസിനെ യുവാവും ഭാര്യയും ആക്രമിച്ചതായി പരാതി
1486513
Thursday, December 12, 2024 7:04 AM IST
വൈക്കം: ഭാര്യയെ ഡോക്ടറെ കാണിക്കാൻ ആശുപ്രതിയിലെത്തിയ യുവാവ് ചീട്ടെഴുതിക്കിട്ടാൻ വൈകിയെന്നാരോപിച്ച് ആശുപത്രി ജീവനക്കാരെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പോലീസിനെ ആക്രമിച്ചു പരിക്കേല്പിച്ചതായി പരാതി.
തലയ്ക്കു പരിക്കേറ്റ വൈക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐ വൈക്കം ചെമ്പ് പാടോൾ സ്വദേശി എ. അൽ അമീർ, സിപിഒ ചേർത്തല അർത്തുങ്കൽ സ്വദേശി സെബാസ്റ്റ്യൻ എന്നിവർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വൈക്കം താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാവിലെ 12.15 ഓടെയായിരുന്നു സംഭവം. കാലിന് ഒടിവു പറ്റി പ്ലാസ്റ്ററിട്ട ഭാര്യ ഷീനയുമായാണ് ചെമ്പ് ബ്രഹ്മമംഗലം സ്വദേശി അനീഷ്കുമാർ ആശുപത്രിയിലെത്തിയത്.
ഓർത്തോ വിഭാഗം ഡോക്ടറെ കാണാൻ വന്ന ഇവർക്ക് ചീട്ടു ലഭിക്കാൻ വൈകിയെന്നു പറഞ്ഞ് ആശുപത്രി ജീവനക്കാരുമായി അനീഷ് കുമാർ തർക്കത്തിലേർപ്പെടുകയും അസഭ്യം പറയുകയുമായിരുന്നു. ആശുപത്രിയിൽ ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയും സിപിഒയും അനുനയിപ്പിക്കാൻ നോക്കിയെങ്കിലും വഴങ്ങാതിരുന്ന യുവാവ് പോലീസുകാരെയും അസഭ്യം പറയാൻ തുടങ്ങി. ബഹളം കേട്ട് രോഗികളടക്കം നിരവധിപേർ എത്തിയപ്പോൾ പോലീസ് ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ തുനിഞ്ഞു. ഈ സമയം ഭർത്താവിനെ കൊണ്ടുപോകരുതെന്ന് പറഞ്ഞു യുവതി പോലീസുമായി പിടിവലി നടത്തി. ഇതിനിടെ യുവാവ് എഎസ്ഐയുടെ തലയിൽ തലകൊണ്ട് ഇടിക്കുകയും ചെയ്തു.
സംഭവുമായി ബന്ധപ്പെട്ട് ചെമ്പ് ബ്രഹ്മമംഗലം വടക്കേത്തറയിൽ അനീഷ്കുമാർ (45) ഭാര്യ ഷീന (40) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, നാലുവർഷമായി മാനസിക അസ്വസ്ഥതകൾക്ക് മരുന്നു കഴിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് അനീഷ് കുമാറെന്ന് താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു.