കവർച്ചയ്ക്ക് ഇരയായ യുവാവിന് പോലീസ് സ്റ്റേഷനിലും അപമാനം
1486511
Thursday, December 12, 2024 7:04 AM IST
കടുത്തുരുത്തി: രാത്രിയില്‍ കവര്‍ച്ചയ്ക്കിരയായി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവാവിന് നേരിടേണ്ടി വന്നത് മോഷ്ടാക്കളില്നിന്നുണ്ടായതിനെക്കാള് മോശമായ പെരുമാറ്റം. പൊതുനിരത്തില്‍ കവര്‍ച്ചയ്ക്കിരയായ പെരുവ കാരിക്കോട് നരിക്കുഴി പടിക്കല്‍ എന്‍.എം. ജിഷ്ണു (27) വിനാണ് പോലീസ് സ്റ്റേഷനില്‍ ദുരനുഭവം നേരിടേണ്ടി വന്നത്.
ജിഷ്ണുവിനുണ്ടായ ദുരനുഭവം ഇങ്ങനെ... കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജിഷ്ണു ജോലി കഴിഞ്ഞു ചൊവ്വാഴ്ച രാത്രി 10.40ന് ഏറ്റുമാനൂര്‍-എറണാകുളം റോഡിലെ തലപ്പാറ ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസില്‍ വന്നിറങ്ങിയശേഷം കവലയ്ക്ക് സമീപത്തു വച്ചിരുന്ന ബൈക്കിന് സമീപത്തേക്ക് നടക്കുന്നതിനിടെ ഹെല്‍മെറ്റ് ധരിച്ച ചെറുപ്പക്കാരായ രണ്ടു യുവാക്കള്‍ ഒരാളെ വിളിക്കാന്‍ ഫോണ്‍ തരാമോയെന്ന് ചോദിച്ചെത്തി.
ആശുപത്രി ആവശ്യത്തിന് വിളിക്കാനാണെന്നും പറഞ്ഞു. എന്നാല്‍, നമ്പര്‍ പറയൂ വിളിച്ചു നല്‍കാമെന്നു ജിഷ്ണു ഇവരെ അറിയിച്ചു. അവര്‍ പറഞ്ഞ നമ്പറില്‍ വിളിച്ചപ്പോള്‍ തിരക്കിലാണെന്ന മറുപടിയാണ് ലഭിച്ചത്. വീണ്ടും വിളിക്കുന്നതിനിടെ യുവാക്കള്‍ ജിഷ്ണുവിന്റെ കൈയില്‍നിന്നും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു ബൈക്കില്‍ പൊതി ഭാഗത്തേക്ക് പോയി.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കാനായി തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ കാര്‍ണിവല്‍ സിനിമാസ് തീയറ്ററിനു സമീപത്തു ഫോണ്‍ തട്ടിപ്പറിച്ച യുവാക്കള്‍ ഇവരുടെ ബൈക്കിനെ മറികടന്നു തലയോലപ്പറമ്പ് ഭാഗത്തേക്ക് പോയി. പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ജിഷ്ണുവിനോട് ഫോണ്‍ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് പരാതി തന്നാല്‍ മതിയെന്നും തട്ടിപ്പറിച്ചുവെന്ന് കാണിക്കണ്ടെന്നും ആവശ്യപ്പെട്ടു. അന്നുതന്നെ പോലീസില്‍ പരാതി നല്‍കിയാണ് മടങ്ങിയതെന്ന് ജിഷ്ണു പറഞ്ഞു.
രാത്രി 11 ഓടെ പരാതി പറയാന്‍ സ്റ്റേഷനിലെത്തിയ തന്നോട് കുറ്റക്കാരനെന്ന പോലെ പെരുമാറിയ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നാണ് ജിഷ്ണുവിന്റെ ആവശ്യം.
ഇന്നലെ വൈകുന്നേരം 4.30 ഓടെ പിതാവ് മോഹനനുമായി വീണ്ടും ജിഷ്ണു പോലീസ് സ്റ്റേഷനിലെത്തി. ഫോണിന്റെ ഐഎംഇ നമ്പരടക്കം നടന്ന കാര്യങ്ങളെല്ലാം പൂര്‍ണമായി കാണിച്ച് വീണ്ടും പരാതി നല്കി. എന്നാല്‍, മണിക്കൂറുകള്‍ കാത്തുനിന്നശേഷം ആറോടെയാണ് എഫ്ഐആര്‍ ഇടാന്‍ പോലും പോലീസ് തയാറായതെന്ന് ജിഷ്ണു പറഞ്ഞു.
തലപ്പാറയിലെ എഐ കാമറയ്ക്ക് സമീപത്താണ് സംഭവം നടന്നത്. പെരുവ, തലയോലപ്പറമ്പ് ഭാഗത്തേക്കുള്ള വഴിയിലൂടെ മോഷ്ടാക്കള്‍ കടന്നുപോകുന്നതിനിടെ നിരവധി സിസി ടിവി കാമറകളില്‍ അവരുടെ ചിത്രങ്ങളുണ്ടാകുമെന്നും ജിഷ്ണു പറയുന്നു. സംഭവം സംബന്ധിച്ചു മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ജിഷ്ണു പറഞ്ഞു.